
തൃശൂർ: സമൂഹത്തിൽ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരും ഭരണരംഗത്തെ പ്രതിനിധാനം ചെയ്യുമ്പോൾ മാത്രമേ ജനാധിപത്യം പൂർണമാകൂവെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ വേളയിൽ ഭരണഘടനയുടെ അടിസ്ഥാനതത്വം സാക്ഷാത്കരിച്ചിട്ടുണ്ടോ, ജനാധിപത്യം പൂർത്തിയായ പ്രക്രിയയാണോ തുടങ്ങിയ ചോദ്യങ്ങൾ നാം ചോദിച്ചു കൊണ്ടേയിരിക്കണം. ഐക്യവും അഖണ്ഡതയും സാഹോദര്യവും വിളിച്ചോതുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനയിൽ ഒന്നാണ് ഇന്ത്യയുടേത്. ജനാധിപത്യം ചോദ്യം ചെയ്യപ്പെടുമ്പോൾ രാജ്യം ഒറ്റക്കെട്ടായി അതിനെ എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദൻ അടക്കമുള്ളവരുടെ സ്വാധീനം
സ്വാതന്ത്ര്യസമര സേനാനികളിലുണ്ടായി:സി.രാധാകൃഷ്ണൻ
തൃശൂർ: ശ്രീരാമകൃഷ്ണനും ശാരദാദേവിയും സ്വാമി വിവേകാനന്ദനും ഉൾപ്പെടുന്ന ത്രിത്വം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വഹിച്ച പങ്ക് പ്രത്യക്ഷമല്ലെങ്കിലും അവരുടെ ശക്തമായ സ്വാധീനം സ്വാതന്ത്ര്യസമര സേനാനികളിലുണ്ടായിരുന്നുവെന്ന് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും 'വിവേകായനം 2022' എന്നപേരിൽ യുവാക്കൾക്കായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ.അമിത ഷെരീഫ്, കെ.എ.എസ്. ഓഫീസർ ആൻസൻ ജോസഫ്, എം.കെ.ശ്രീകേഷ് എന്നിവർ സംസാരിച്ചു. ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷനായി.