 
തൃശൂർ: ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അഞ്ചാം ക്ലാസിൽ നിന്നുപോയ വിദ്യാഭ്യാസത്തിന് തുടർച്ച തേടി പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് നാട്ടിക സ്വദേശി രാമനാഥൻ (49). പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഇന്ന് രാമനാഥന്റെ പ്ലസ് വൺ പരീക്ഷ.
കള്ളുചെത്ത് തൊഴിലാളിയാണ് നാട്ടിക, കാളക്കൊടുവത്ത് കെ.എ. രാമനാഥൻ. പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ ആയിരുന്നു അഞ്ചാം ക്ലാസ് വരെ പഠനം. നാട്ടികയിൽ നിന്ന് പഴുവിൽവരെ യാത്ര ചെയ്ത് പഠിക്കുന്നതിനുള്ള പ്രയാസവും വീട്ടിലെ ബുദ്ധിമുട്ടുകളും കാരണം പഠനം നിറുത്തി. സാക്ഷരതാ മിഷൻ പ്രേരക്മാരായ ഷീലയുടെയും ഷൈജയുടെയും പിന്തുണയിൽ 2013ൽ ഏഴാം ക്ലാസ് തുല്യത പരീക്ഷ പാസ്സായി, ആത്മവിശ്വാസവുമായി. 2014 ൽ പത്താം ക്ലാസ് തുല്യത പരീക്ഷയും പാസായി. ഇന്ന് പ്ലസ് വൺ പരീക്ഷയ്ക്കിരിക്കമ്പോൾ പ്ലസ് ടു പരീക്ഷ കൂടി കഴിഞ്ഞ് ഉപരിപഠന സാദ്ധ്യത തേടുകയാണ് രാമനാഥൻ. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.
ജില്ലയിൽ ഇന്ന് 17 കേന്ദ്രങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്നത്. രാവിലെ 9.15 ന് പരീക്ഷ ആരംഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ആഗസ്റ്റ് 20ന് സമാപിക്കും.