ഗുരുവായൂർ: നാഗസ്വര തകിൽ വാദ്യകലാ സംഘടനയുടെ വാർഷിക സമ്മേളനവും പുരസ്‌കാര സമർപ്പണവും ഞായറാഴ്ച രാവിലെ എട്ടിന് ഗുരുവായൂർ ഇന്ദിര ഗാന്ധി ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ ഗംഗാധര സ്മാരക പുരസ്‌കാരം നാഗസ്വര വിദ്വാൻ പെരിഞ്ഞനം ഉണ്ണിക്കും കണിമംഗലം ഗോപാല പുരസ്‌കാരം കരിയന്നൂർ പൊന്നൂട്ടിക്കും നൽകും.

പത്മശ്രീ ബഹുമതി ലഭിച്ച നാഗസ്വര കലാകാര ദമ്പതികളായ ഷേക്ക് മെഹബൂബ് സുബാണി, കലീഷബി മെഹബൂബ്, സംഗീതനാടക അക്കാഡമി അവാർഡ് ജേതാക്കളായ തകിൽ വിദൂഷി പത്തിയൂർ കമലം, നാഗസ്വര വിദ്വാൻ എൻ.ആർ. കണ്ണൻ എന്നിവരെ ആദരിക്കും. മുതിർന്ന നാഗസ്വര കലാകാരന്മാർക്ക് ഗുരുദക്ഷിണ നൽകും. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയാകും.

വൈകീട്ട് 5.30ന് മെഹബൂബ് സുബാണി, കലീഷബി മെഹബൂബ്, ഫിറോസ് ബാബു എന്നിവരുടെ നേതൃത്വത്തിൽ കച്ചേരി നടക്കും. നാഗസ്വര തകിൽ വാദ്യകലാ സംഘടനാ ഭാരവാഹികളായ മുരളി ഗുരുവായൂർ, സുധിൻ ശങ്കർ പൂത്തോൾ, സുജേഷ് നമ്പഴിക്കാട്, ഉണ്ണിക്കുട്ടൻ കോട്ടപ്പടി, അജിത്ത് പേരകം, ബിജു പുതുരുത്തി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.