പുത്തൻചിറ: ജി.യു.പി സ്‌കൂളിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി ഇലക്കറി മേള നടത്തി. നാട്ടിലെ ഭക്ഷ്യയോഗ്യമായ വിവിധ നാടൻ ഇലകൾ ഉപയോഗിച്ചുകൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവന്നു. പാചകക്കുറിപ്പും ഔഷധഗുണങ്ങളും കുട്ടികൾ വിവരിച്ചു. പ്രദർശന ശേഷം ഉച്ചഭക്ഷണത്തോടൊപ്പം ഇലക്കറി കുട്ടികൾക്ക് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. മാതൃസംഘം പ്രസിഡന്റ് രജിത സന്തോഷ്, പ്രധാനദ്ധ്യാപിക എൻ.എസ്. സുനിത, സി.എസ്. സജിത എന്നിവർ സംസാരിച്ചു. കൊടവൻ കിച്ചടി, ആനത്തുമ്പ തോരൻ, പനിക്കൂർക്ക ഇല കൊണ്ടുള്ള ബജി, മഷിത്തണ്ട് തോരൻ തുടങ്ങിയ വിഭവങ്ങളും കുട്ടികൾ പരിചയപ്പെടുത്തി.