പുതുക്കാട്: കരാർ ലംഘനം നടത്തിയതിന്റെ പേരിൽ ചില പ്രവൃത്തികളിൽ നിന്നും ഒഴിവാക്കിയതായി പറയുന്ന കമ്പനിയെ ടോൾ പിരിക്കുന്നതിൽ നിന്നും ഒഴിവാക്കുമോയെന്ന് വ്യക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്. പണി പൂർത്തീകരിക്കാത്തതിനാൽ സെപ്തംബറിൽ നടത്തേണ്ട ടോൾ നിരക്ക് വർദ്ധനവ് നിർത്തിവയ്ക്കുമോയെന്നും വ്യക്തമാക്കണം.
കരാറിലെ ടെർമിനേഷൻ എന്ന ക്ലോസ് വച്ചാണ് കമ്പനിയെ ഒഴിവാക്കി ചില പ്രവൃത്തികൾക്ക് ടെൻഡർ വിളിച്ചിട്ടുള്ളത്. എന്നാൽ നിർമ്മാണം ആരംഭിച്ചത് മുതൽ ഇതുവരെ നടത്തിയ കരാർ ലംഘനം ശരിവയ്ക്കുന്ന രീതിയിലാണ് സി.ബി.ഐയുടെ കുറ്റപത്രവും കോടതി ഉത്തരവും. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർക്ക് തന്നെ കമ്പനിയുടെ ക്രമക്കേട് ബോദ്ധ്യപ്പെട്ടിട്ടുള്ളതായി അദ്ദേഹം തന്നെ വ്യക്തമാക്കുന്നു.
കുഴി അടയ്ക്കൽ മേൽനോട്ടം വഹിക്കാൻ ഹൈക്കോടതി ചുമതലപ്പെടുത്തിയ കളക്ടർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ ആവശ്യപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കരാർ കമ്പനിയെ കരാർ പ്രകാരം ടോൾ പിരിവിൽ നിന്നും ടെർമിനേറ്റ് ചെയ്യേണ്ടതിനു പകരം ഭാഗികമായി ഒഴിവാക്കിയ നടപടി കരാറിന് നിരക്കാത്തതാതും പ്രതിഷേധാർഹവുമാണെന്ന് ടാജറ്റ് പറഞ്ഞു.