കൊടുങ്ങല്ലൂർ: 75-ാമത് സ്വാതന്ത്ര്യദിനം കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. നഗരസഭയും സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കുടുംബശ്രീ, മർച്ചന്റ്‌സ് അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. 15ന് രാവിലെ 9.45ന് നഗരസഭ ടൗൺ ഹാളിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. ഫ്ലാഷ് മോബ്, സ്‌കേറ്റിംഗ്, ടാബ്ലോ, വന്ദേമാതരം നൃത്തരൂപം, പിരമിഡ് ഷോ, കുരുത്തോല കാവടികൾ തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ 75 കുട്ടികളുടെ ദേശഭക്തിഗാനത്തോടെ സാംസ്‌കാരിക സമ്മേളനം ആരംഭിക്കും. ബെന്നി ബെഹന്നാൻ എം.പി സ്വാതന്ത്ര്യദിന സന്ദേശം നൽകും. എം.എൽ.എമാരായ അഡ്വ. വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ, നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ, തഹസിൽദാർ കെ. രേവ, ഡിവൈ.എസ്.പി സലീഷ് എൻ.എസ് എന്നിവരോടൊപ്പം ജനപ്രതിനിധികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. 75 വിദ്യാർത്ഥികളുടെ ദേശീയഗാനത്തോടെ ചടങ്ങ് സമാപിക്കും.