തൃശൂർ: മുൻപ് പാസാക്കിയ അജൻഡകൾ ഇനിയും പരിഗണിക്കാനാകില്ലെന്ന മേയറുടെ നിലപാടിനെത്തുടർന്ന് പ്രത്യേക കൗൺസിൽ യോഗം പിരിച്ചുവിട്ടതിനു പിന്നാലെ ഭരണപക്ഷം സമാന്തര കൗൺസിൽ ചേർന്നു. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷം കൗൺസിലർമാരും പങ്കെടുത്ത യോഗം പ്രതീകാത്മകമായി തീരുമാനങ്ങളെടുത്തു.
മാസ്റ്റർ പ്ലാൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ നോട്ടീസ് നൽകിയത്. യോഗം വിളിച്ചശേഷം തീരുമാനമെടുക്കാതെ പിരിച്ചുവിട്ടതോടെ പ്രതിപക്ഷം പ്രതിഷേധവുമായെത്തി. കൗൺസിലർമാർ രേഖാമൂലം ഒപ്പിട്ടു നൽകിയതോടെ യോഗം വിളിക്കേണ്ടത് നിയമപ്രകാരമുള്ള ബാദ്ധ്യതയായതിനാൽ കൗൺസിൽ വിളിക്കാൻ നിർബന്ധിതനായ മേയർ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ ഇടങ്കോലിട്ടു. നടപടിക്കെതിരേ വീണ്ടും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷം.
നിയമങ്ങൾ കാറ്റിൽപ്പരത്തി സി.പി.എം നയങ്ങളാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു. യോഗം വിളിച്ചശേഷം തീരുമാനമെടുക്കാൻ കഴിയില്ലെന്നു പറയുന്നത് വിഡ്ഢിത്തമാണെന്ന് ബി.ജെ.പി. നേതാവ് വിനോദ് പൊള്ളഞ്ചേരി കുറ്റപ്പെടുത്തി. സമാന്തര കൗൺസിൽ യോഗത്തിൽ ആൻസി ജേക്കബ് അദ്ധ്യക്ഷയായി. കെ.ജി. നിജി ഉപാദ്ധ്യക്ഷയായി. ശക്തൻ നഗറിൽ ആരംഭിക്കാൻ പോകുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതിക്ക് ഡി.പി.ആർ തയാറാക്കാൻ സ്വകാര്യ ഗ്രൂപ്പിന് ടെൻഡർ ഇല്ലാതെ നേരിട്ട് അനുമതി നൽകാൻ പാടില്ലെന്നു തീരുമാനിച്ചു.
'പുലി'കൾക്ക് രണ്ടുലക്ഷം, കുമ്മാട്ടിക്ക് കാൽലക്ഷം
ഓണാഘോഷത്തിന് പുലിക്കളിക്ക് ടീം ഒന്നിന് രണ്ടുലക്ഷം രൂപയുടെ ധനസഹായം. കുമ്മാട്ടിസംഘത്തിന് 25,000 രൂപ വീതം. ഡിവിഷനിൽ നിന്നു പരമാവധി രണ്ടു കുമ്മാട്ടി ടീമുകൾക്കാണ് സഹായം. ഇതുമാറ്റി എല്ലാടീമുകൾക്കും തുക നൽകണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഡിവിഷൻ തല ഓണാഘോഷത്തിന് 30,000 രൂപ വീതം നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു.
ഹർ ഘർ തിരംഗ എന്ന പേരിലുള്ള സ്വാതന്ത്ര്യദിനാഘോഷത്തെ ഹർ ഘർ ജണ്ടാ എന്നാക്കി അജൻഡയിൽ ഉൾപ്പെടുത്തിയതിനെ ബി.ജെ.പി നേതാവ് വിനോദ് പൊള്ളഞ്ചേരി ചോദ്യം ചെയ്തു. അർത്ഥം ഒന്നാണെന്നു പറഞ്ഞ് ഭരണപക്ഷം വാദിച്ചുനിന്നു. ബി.ജെ.പി അംഗങ്ങളായ വിനോദ്, എൻ. പ്രസാദ്, വി. ആതിര എന്നിവർ വിയോജിച്ചു. കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നു സ്ഥാപിക്കാൻ ശ്രമിച്ച ഭരണകക്ഷി അംഗം അനീസിനെ പ്രതിപക്ഷം കൂക്കിവിളിച്ചു. ഇത്തരം നാടകങ്ങൾ ഇവിടെ വേണ്ടെന്നും കമ്യുണിസ്റ്റുകാർ സ്വാതന്ത്ര്യദിനത്തെ ആപത്ത് 15 എന്നു പറഞ്ഞു കളിയാക്കിയെന്നും കോൺഗ്രസ് നേതാവ് ജോൺ ഡാനിയൽ ചൂണ്ടിക്കാട്ടി.
ഒറ്റക്കെട്ടായി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ അനീസിനെ പിന്തുണയ്ക്കാൻ ഭരണപക്ഷത്തെ ആരും എത്തിയില്ല. സ്വാതന്ത്ര്യം ലഭിച്ചെന്നു കമ്യൂണിസ്റ്റുകാർക്ക് ബോദ്ധ്യമാകാൻ 75 വർഷമെടുത്തുവെന്ന് കെ. രാമനാഥൻ പരിഹസിച്ചു. റോഡുകൾ തകർന്നുകിടക്കുകയാണെന്നും എത്രയും വേഗം പരിഹാരം വേണമെന്നും സാറാമ്മ റോബ്‌സൺ പറഞ്ഞു.