ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനിൽ വിതരണം ചെയ്തത് 2,413 പട്ടയങ്ങൾ

ഇരിങ്ങാലക്കുട: പട്ടയം വിതരണത്തിൽ അതിവേഗവും സുതാര്യവുമായ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും, എല്ലാ കുടുംബങ്ങൾക്കും ഭൂമിയെന്ന ഐതിഹാസിക ലക്ഷ്യം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി കെ. രാജൻ. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന കർമ്മപരിപാടിയുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്റെ കീഴിലുളള മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ, സ്‌പെഷ്യൽ തഹസിൽദാർ, ഇരിങ്ങാലക്കുട എന്നീ ഓഫീസുകളുടെ കീഴിൽവരുന്ന 2,413 വിവിധയിനം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളാണ് ഏറ്റവുമധികം വിതരണം ചെയ്തത്. ഇരിങ്ങാലക്കുട, തൃശൂർ സ്‌പെഷ്യൽ തഹസിൽദാർ 2,290 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും വിതരണം ചെയ്തു. ചാലക്കുടി താലൂക്കിൽ 21 വനഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്തത്. മറ്റത്തൂർ, മുപ്ലിയം, വെള്ളികുളങ്ങര വില്ലേജുകളിലായി 1, 4, 16 വനഭൂമി പട്ടയങ്ങളും വിതരണം ചെയ്തു.

ഇതിനുപുറമെ താലൂക്കിലെ ആറ് പുറമ്പോക്ക് പട്ടയങ്ങൾ, 13 ഇനാം പട്ടയങ്ങൾ, 17 കാണം പട്ടയങ്ങൾ ഉൾപ്പെടെ 36 പട്ടയങ്ങളും വിതരണം ചെയ്തു. മുകുന്ദപുരം താലൂക്കിലെ 12 പട്ടയങ്ങളിൽ നാല് പുറമ്പോക്ക് പട്ടയങ്ങളും എട്ട് ഇനാം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

കൊടുങ്ങല്ലൂർ താലൂക്കിൽ വിതരണം ചെയ്ത 43 പട്ടയങ്ങളിൽ 42 സുനാമി പട്ടയങ്ങളും ഒരു മിച്ചഭൂമി പട്ടയവും നൽകി. ഇരിങ്ങാലക്കുട സ്‌പെഷ്യൽ തഹസിൽദാർ 1,200 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും തൃശൂർ സ്‌പെഷ്യൽ തഹസിൽദാർ 1,090 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും, ലാൻഡ് ട്രിബ്യൂണൽ കളക്ട്രേറ്റ് 11 ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തു.

ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയായി. വി.ആർ. സുനിൽ കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത വി. കുമാർ, ബ്ലോക്ക് പ്രസിഡന്റുമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ, ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ കെ. നായർ, ലത സഹദേവൻ, കൗൺസിലർ ജിഷ ജോബി, ഡെപ്യൂട്ടി കളക്ടർ സി. കബനി തുടങ്ങിയവർ പങ്കെടുത്തു.