gandhi

തൃശൂർ: പാവക്കൂത്തിൽ ആദ്യമായി ഫ്യൂഷനുമായി ഷൊർണൂർ കൂനത്തറ പദ്മശ്രീ രാമചന്ദ്രപ്പുലവരും മൃദംഗവിദ്വാൻ കുഴൽമന്ദം രാമകൃഷ്ണനും. മൃദംഗത്തിന്റെ താളവും തോൽപാവക്കൂത്തും സ്വാതന്ത്ര്യസമര ഗാഥകളും സമന്വയിപ്പിച്ച്, 40 മിനിറ്റ് നീളുന്ന 'ഗാന്ധിചരിതം' പാവക്കൂത്ത് ഫ്യൂഷൻ 15ന് രാവിലെ 11ന് പാലക്കാട് കുഴൽമന്ദം സി.എ ഹൈസ്‌കൂളിലാണ് അവതരിപ്പിക്കുക.

രാമകൃഷ്ണനെഴുതി രാമചന്ദ്രൻ തൃശൂർ ഈണമിട്ട് ആലപിച്ച അഞ്ച് ദേശഭക്തി സ്വാതന്ത്ര്യ സമരഗാഥകൾ അവതരിപ്പിക്കും. 1857ലെ സ്വാതന്ത്ര്യസമരം, വിദേശത്ത് നിന്ന് ഗാന്ധിജിയുടെ വരവ്, സത്യഗ്രഹം, ലോകമാന്യ തിലകന്റെ സമ്പൂർണ്ണസ്വരാജ് ആഹ്വാനം, സുഭാഷ്ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഫൗജ് നടത്തിയ ഡൽഹി മാർച്ച്, ഉപ്പുസത്യഗ്രഹം, ജാലിയൻ വാലാബാഗ്, ക്വിറ്റിന്ത്യ സമരം, വാഗൺ ട്രാജഡി, ഇന്ത്യാവിഭജനം, സ്വാതന്ത്ര്യലബ്ധി എന്നിവയാണ് രംഗത്തവതരിപ്പിക്കുക. ഖണ്ഡം, തിശ്രം, മിശ്രം, ചതുരശ്രം, സങ്കീർണം എന്നീ പഞ്ചനടകളിലാണ് പാട്ട് ചിട്ടപ്പെടുത്തിയത്.

തിരശീലയ്ക്ക് പിന്നിൽ 60ഓളം പാവകൾ ചരിത്രസംഭവങ്ങൾ അവതരിപ്പിക്കും. വേദിക്ക് മുന്നിൽ പാവകളിയുമായി, രാമകൃഷ്ണൻ 'മൃദുതാള'ത്തെ സമന്വയിപ്പിക്കുമ്പോൾ താളവും കൂത്തും സമന്വയിക്കുന്ന താളക്കൂത്താവും. രാമകൃഷ്ണൻ രൂപകൽപ്പന ചെയ്ത, നിന്ന് വായിക്കാവുന്ന വാദ്യമാണ് 'മൃദു'. രാജീവ് പുലവർ, ലക്ഷ്മൺ, സുജിത്ത് രാജൻ, പ്രക്ഷോഭ്, മനോജ്, വിജയ്കൃഷ്ണ, ആദിത്യൻ എന്നിവരും ഒപ്പമുണ്ട്.

ഫ്യൂഷൻ ആദ്യം

2005ലാണ് ഗാന്ധിക്കൂത്ത് എന്ന പേരിൽ രാമചന്ദ്രപ്പുലവരും സംഘവും ഫ്രാൻസ് ഉൾപ്പെടെ 200 വേദികളിൽ ഗാന്ധിചരിതം അവതരിപ്പിച്ചത്. കൂത്തിന്റെ പ്രചാരണത്തിനായി രാമായണകഥയിൽ നിന്ന് വിട്ട് കാലികപ്രസക്തമായ വിഷയങ്ങളെ 30-40 മിനിട്ടുള്ള കൂത്തുകളാക്കി. യേശുചരിതം, പഞ്ചതന്ത്രം അറബിക്കഥകൾ, ചണ്ഡാലഭിക്ഷുകി, മോദിചരിതം, കൊവിഡ് ബോധവത്കരണം എന്നിവ ഇതിൽപെടും. കൂത്തമ്പലങ്ങളിൽ സ്ത്രീകൾക്കും അവതരണത്തിന് അനുവാദം നൽകണമെന്ന ലക്ഷ്യത്തോടെ പെൺപാവക്കൂത്തും ആവിഷ്‌കരിച്ചു.