
ഇരിങ്ങാലക്കുട: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങൾക്കായി പുനരധിവാസ ഗ്രാമം പരിഗണനയിലുണ്ടെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ പ്രത്യേക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനുള്ള ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ മികവിന്റെ കേന്ദ്രമാക്കുന്നതിനായി 10 കോടി രൂപ നീക്കിവച്ചതായും രജിസ്റ്റർ ചെയ്ത 1.26 ലക്ഷം ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും മെഡിക്കൽ പരിശോധന പൂർത്തിയാക്കി ഉടൻ കാർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു.കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും.കാഴ്ച പരിമിതർക്ക് വോയ്‌സ് എൻഹാൻസ്ഡ് സ്മാർട്ട് ഫോൺ,ശ്രുതിതരംഗം പദ്ധതി,വീൽചെയർ നൽകുന്ന ശുഭയാത്ര പദ്ധതി എന്നിവയും നടപ്പാക്കും.ക്യാമ്പിൽ 114 പേർ പങ്കെടുത്തു.മെഡിക്കൽ പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കിയവർക്ക് കാർഡ് വീടുകളിലേക്കെത്തിക്കുമെന്ന് സോഷ്യൽ സെക്യൂരിറ്റി മിഷൻ ഡയറക്ടർ എം.എസ്.ഷെറിൻ അറിയിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, കെ.എസ്.തമ്പി,ഷീജ പവിത്രൻ,കെ.എസ്.ധനീഷ്,ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ടി.പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.