പാവറട്ടി: വിപണിയിൽ പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം വരുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പേ ഉപജീവന മാർഗത്തിൽ നിന്ന് പ്ലാസ്റ്റിക് കവറുകൾക്ക് വിട നൽകിയ മീൻ കച്ചവടക്കാരനുണ്ട് മുല്ലശ്ശേരിയിൽ. 35 വർഷമായി മുല്ലശ്ശേരി പ്രദേശത്ത് മീൻ കച്ചവടം നടത്തുന്ന കുട്ടാട്ട് ലോഹിതാക്ഷൻ എന്ന മത്സ്യ കച്ചവടക്കാരനാണ് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്ലാസ്റ്റികിനോട് അയിത്തം കൽപ്പിച്ചത്. വർഷങ്ങൾക്ക് മുമ്പ് മീൻ വിൽപ്പന തുടങ്ങിയ ലോഹിതാക്ഷൻ ഇപ്പോഴും തേക്കിലയിൽ തന്നെയാണ് ആവശ്യക്കാർക്ക് മീൻ പൊതിഞ്ഞ് നൽകുന്നത്. ആദ്യകാലങ്ങളിൽ മാർക്കറ്റിൽ നിന്നാണ് തേക്ക് ഇലകൾ വാങ്ങിയിരുന്നതെങ്കിൽ ലഭ്യതക്കുറവ് മൂലം ഇപ്പോൾ വീടുകളിൽ നിന്നാണ് ആവശ്യമായ തേക്കിലകൾ ശേഖരിക്കുന്നത്.
പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന തേക്ക് ഇലകൾ ആയത് കൊണ്ട് മത്സ്യം വാങ്ങുന്നവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ആവശ്യം കഴിഞ്ഞാൽ തേക്കിലകൾ മണ്ണിലിട്ടാൽ വളമായി മാറുമെന്നതും ഗുണകരമാണ്. വീടുകളിൽ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനവുമാണ് ലോഹിതാക്ഷന്റെ തേക്കിലയിൽ മത്സ്യങ്ങൾ പൊതിഞ്ഞു കൊടുക്കുന്ന ഈ വിൽപ്പന. അതുകൊണ്ട് തന്നെ മീൻ കച്ചവടം പൊടി പൊടിക്കുന്നുണ്ടുതാനും. ആദ്യകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ പലചരക്ക് കടകളിലെല്ലാം തേക്കിലയും വാഴ ഇലയുമാണ് ഉപഭോക്താക്കൾ സാധനങ്ങൾ പൊതിഞ്ഞ് നൽകാൻ ഉപയോഗിച്ചിരുന്നതെന്ന് ലോഹിതാക്ഷൻ ഓർമ്മപ്പെടുത്തി.

ചിട്ടയായി അടുക്കിവെച്ചാൽ തേക്കിലകൾ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും. മത്സ്യങ്ങൾ വിൽക്കുന്ന ആരോഗ്യമുള്ള കാലം വരെ ഇത് തുടരും.
-ലോഹിതാക്ഷൻ.