കയ്പമംഗലം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ചെന്ത്രാപ്പിന്നി സ്വദേശിയായ സിനിമാ സംവിധായകൻ അമ്പിളിയുടെ കാൻവാസിൽ നിറയുന്നത് ഇന്ത്യയുടെ ആത്മാവിഷ്കാരം. ചിത്രകാരൻ, കലാസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ അമ്പിളി വിവിധ ആശയങ്ങൾ സമന്വയിപ്പിച്ചാണ് ഇക്കുറി ചിത്രമൊരുക്കുന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും, ബുദ്ധനും, ക്രിസ്തുവും, സഹോദര്യത്തിന്റെ അടയാളമുദ്രകളും ഈ കലാസൃഷ്ടിയിലുണ്ട്. സർവമത സമഭാവനയും സഹോദര്യവുമാണ് ഇന്ത്യയുടെ ആത്മാവെന്നും അത്തരം ചിന്തകളാണ് ചിത്രത്തിന്റെ ആശയമായി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്പിളി ചലച്ചിത്രരംഗത്ത് എത്തുന്നതിന് മുമ്പേ തന്നെ ചിത്രകാരനെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. രാമു കാര്യാട്ടിന്റെ 'നെല്ല് ' എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനറായി ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം നടൻ മധുവിന്റെ ഉമാ സ്റ്റുഡിയോയിൽ ഒരു പതിറ്റാണ്ടോളം കലാസംവിധായകനായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത 'വീണപൂവ് ' ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഷ്ടപദി, സ്വന്തം ശാരിക, സീൻ നമ്പർ സെവൻ, സമുദായം തുടങ്ങിയ സിനിമ സംവിധാനം ചെയ്തു.