biriyani
കുന്നപ്പിള്ളിയിൽ എസ്.എൻ.യു.പി സ്‌കൂളിൽ നടന്ന ബിരിയാണി ഫെസ്റ്റ്‌.

ചാലക്കുടി: അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ജീവന്മരണ പോരാട്ടം നടത്തുന്ന മേലൂർ ദേവരാജഗിരിയിലെ ജിഷ്ണുവിനായി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ച് ഒരു നാടു മുഴുവൻ കൈകോർത്തു. 25 വയസുകാരൻ ജിഷ്ണുവിന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കലാണ് കുന്നപ്പിള്ളി പ്രദേശത്തെ ആബാലവൃദ്ധം ജനത്തിന്റെയും മുഖ്യലക്ഷ്യം.

35 ലക്ഷം ലക്ഷം രൂപ ചികിത്സാ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. തുക മുഴുവൻ കാരുണ്യ മനസുകളിൽ നിന്നും കണ്ടെത്തുമെന്ന് ഇതിനായി അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവർക്ക് ഉറച്ച വിശ്വാസമുണ്ട്. ഞായറാഴ്ച സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റ് ഇതിന് ഉത്തമ ഉദാഹരണമായി. 2,500 ബിരിയാണി വിറ്റഴിഞ്ഞത് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിതയുടെ നേതൃത്തിൽ നടക്കുന്ന ജീവൻ രക്ഷാ പ്രവർത്തനത്തിൽ അണി ചേർന്നവർക്ക് ആത്മവിശ്വാസം പകർന്നു. കുന്നപ്പിള്ളി എസ്.എൻ.യു.പി സ്‌കൂളിൽ നടന്ന ബിരിയാണി മേളയിലേക്ക് നിരവധി സാധനങ്ങൾ സംഭാവനയായുമെത്തി. പെരിങ്ങത്ര ബിനോയിയുടെ നേതൃത്വത്തിൽ പാചകക്കാർ സൗജന്യമായി സേവനം ചെയ്തപ്പോൾ യുവജനങ്ങളടക്കം നൂറോളം പേരാണ് ഇവരെ സഹായിക്കുന്നതിന് ഒപ്പം നിന്നത്. പഞ്ചായത്തംഗം പി.ആർ. ബിബിൻ രാജ്, ഷിജി വികാസ്, വി.വി. സരിത, പി.ആർ. രതീഷ്, പി.എ. ഷോജൻ എന്നിവരും ഫെസ്റ്റിന് ചുക്കാൻ പിടിച്ചു.