pocso

 മുഖ്യപ്രതി പിടിയിൽ

തൃശൂർ/പുന്നയൂർക്കുളം: ആളില്ലാത്ത സമയങ്ങളിൽ വീട്ടിലെത്തിയ പിതാവിന്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് പ്ലസ്ടു വിദ്യാർത്ഥിനിയെ പലതവണ ക്രൂരമായി പീഡിപ്പിച്ചു. ഒന്നാം പ്രതി പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി ഷാഫിയെ (26) പൊലീസ് അറസ്റ്റു ചെയ്തു. ട്യൂഷൻ ക്ളാസിൽ ആരുമില്ലാത്ത സമയത്ത് കുട്ടിയെ പ്രതികൾ കെട്ടിയിട്ട് പീഡിപ്പിച്ചെന്നും പരാതിയുണ്ട്. രണ്ട് പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി വടക്കെക്കാട് പൊലീസ് അറിയിച്ചു. വടക്കെക്കാട് സ്വദേശിനിയായ 16 വയസുകാരിയെ രണ്ടുമാസം മുമ്പാണ് സംഘം പീഡിപ്പിച്ചത്.

കുട്ടിയുടെ പിതാവുമായി വർഷങ്ങളായി കഞ്ചാവ് ഇടപാടുള്ളവരാണ് പ്രതികൾ. കഞ്ചാവ് കേസിൽ അറസ്റ്രിലായ പിതാവിനെ ജാമ്യത്തിലിറക്കാൻ കുട്ടിയുടെ മാതാവ് മലപ്പുറത്തേക്ക് പോയപ്പോഴാണ് പ്രതികൾ വീട്ടിലെത്തി പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്‌കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസലിംഗിലാണ് അദ്ധ്യാപികയോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അദ്ധ്യാപികയാണ് പൊലീസിൽ വിവരമറിയിച്ചത്. പലതവണയായി പീഡനത്തിനിരയായതായി കുട്ടി പറഞ്ഞു. അമ്മയോട് വിവരം പറഞ്ഞെങ്കിലും പൊലീസിൽ പരാതി നൽകിയില്ലെന്നും മൊഴിയുണ്ട്. പരിശോധനയിൽ കുട്ടിക്ക് ശാരീരിക പീഡനം നടന്നതായും കണ്ടെത്തി.

പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്ന പ്രതികൾ കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും സംഭവം വീട്ടുകാർ മറച്ചുവച്ചെന്നും പാെലീസ് പറഞ്ഞു. ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.