 
ചേർപ്പ്: പിതാവിന്റെ സ്മരണയ്ക്കായി സ്വന്തം സ്ഥലത്ത് അംഗൻവാടി കെട്ടിടം നിർമ്മിച്ച് നൽകി മകൻ സി.ജി. രാജീവ്. എട്ടാം വാർഡിലെ ഗ്രൗണ്ട് റോഡിൽ കഴിഞ്ഞ 20 വർഷമായി വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. ഇക്കാര്യമറിഞ്ഞാണ് ചെങ്ങാലൂർ വീട്ടിൽ രാജീവ് പഞ്ചായത്തിലെ ആദ്യ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായിരുന്ന സി.ആർ. ഗോപാലന്റെ സ്മരണയിൽ അംഗൻവാടി നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. മജിസ്‌ട്രേറ്റ് സി.ആർ. ഗോപാലൻ സ്മാരക മഹാത്മ അംഗനവാടി എന്ന നാമകരണവും നടത്തി. അമ്മ നളിനി ഗോപാലനും, രാജീവിന്റെ പത്‌നി മീരയുടെയും, കുടുംബാംഗങ്ങളുടെയും സഹായത്തോടെയാണ് 700 സ്‌ക്വയർ ഫീറ്റിൽ മുറ്റം ടൈൽസ് വിരിച്ചും, ചുറ്റുമതിൽ കെട്ടിയും, കിണറും നിർമ്മിച്ച് കെട്ടിടമൊരുക്കിയത്. കെട്ടിടത്തിന്റെ പുറം വശവും ഉൾവശവും ചിത്രപ്പണിയോടെ കുട്ടികൾക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് നിർമ്മാണം. 18ന് ഉച്ചയ്ക്ക് രണ്ടിന് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, വാർഡ് മെമ്പർ ശ്രുതി ശ്രീശങ്കർ, സി.ജി. രാജീവ്, അംഗൻവാടി വർക്കർ ചന്ദ്രവല്ലി എന്നിവർ പങ്കെടുത്തു.