തൃശൂർ: തൃശൂർ കോർപറേഷൻ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ സ്വപ്നപദ്ധതികളിൽ ഒന്നായ വഞ്ചിക്കുളം ടൂറിസം പദ്ധതിയുടെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവ്വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വഞ്ചിക്കുളത്ത് സൗജന്യ ബോട്ടിംഗും വഞ്ചിക്കുളത്തിന്റെ പൗരാണികതയെ ഉണർത്തി തോൽപ്പാവക്കൂത്തും ലേസർ ഷോയും ഗാനനിശാസന്ധ്യയും നടത്തി. വരുംദിവസങ്ങളിലും സൗജന്യ ട്രയൽ റൺ തുടരുമെന്നും മേയർ അറിയിച്ചു.
ഡെപ്യൂട്ടിമേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്‌സൺ, കോർപറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ, ഡി.ടി.പി.സി. സെക്രട്ടറി ജോബി ജോർജ്ജ്, കോർപറേഷൻ എൻജിനിയർ ഷൈബി ജോർജ്ജ് തുടങ്ങിയവർ ബോട്ട് സവാരി നടത്തി ട്രയൽ റണ്ണിന്റെ ഭാഗമായി.
ജലപാത
തൃശൂർ നഗരത്തിന്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായിരുന്നു വഞ്ചിക്കുളം. ഷൊർണൂർ - കൊച്ചി റോഡ് ഗതാഗതം ആരംഭിക്കുന്നതിനുമുമ്പ് തൃശൂർ - പാലക്കാട് ജില്ലകളിലേക്ക് ചരക്ക് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് വഞ്ചിക്കുളം ജലപാതയായിരുന്നു. വഞ്ചിക്കുളം ടൂറിസം പദ്ധതിയുടെ ഭാഗമായി പുനരാവിഷ്‌കരിച്ച് തൃശൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുക എന്നതാണ് ലക്ഷ്യം.
മഹിളാമോർച്ച വന്ദേമാതരയാത്ര നടത്തി
തൃശൂർ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ വന്ദേമാതര പദയാത്ര കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ഝാൻസിക്ക് ദേശീയ പതാക കൈമാറിയാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. ഗാന്ധിജി പ്രസംഗിച്ച മണികണ്ഠനാൽ പരിസരത്തെ സ്മൃതി മണ്ഡപത്തിൽ കുമ്മനം രാജശേഖരൻ ദേശീയ പതാക ഉയർത്തി. സ്വരാജ് റൗണ്ട് ചുറ്റിയതിന് ശേഷം നടുവിലാലിൽ പദയാത്ര സമാപിച്ചു.
ബി.ജെ.പി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, ദേശീയ കൗൺസിൽ അംഗം എം.എസ്. സമ്പൂർണ, സംസ്ഥാന വക്താവ് ടി.പി. സിന്ധു മോൾ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, മഹിളാ മോർച്ച സംസ്ഥാന ട്രഷറർ സി. സത്യലക്ഷ്മി, ബി.ജെ.പി ജില്ലാ സെക്രട്ടറി വിൻഷി അരുൺകുമാർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ സുജയ് സേനൻ, ഐ.എൻ. രാജേഷ് എന്നിവർ സംസാരിച്ചു.