swamiyarkunu
സ്വാമിയാർകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

പുതുക്കാട്: സ്വാമിയാർകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാം. ചിങ്ങപ്പുലരി മുതൽ ഷർട്ട് ധരിച്ച് പ്രവേശനം അനുവദിക്കാനുള്ള ഷേത്രഭരണ സമിതിയുടെ തീരുമാനത്തിൽ ഏതാനും പേർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മഹാ ഭൂരിപക്ഷം വിപ്ലവകരമായ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. സ്വാമിയാർകുന്നിലെ ശങ്കരാചലമഠത്തിൽ ഒട്ടേറ തവണ താമസിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവൻ പലപ്പോഴും ധ്യാനത്തിലിരിക്കാറുള്ള ചെറിയ പാറയിലാണ് പിൽക്കാലത്ത് ക്ഷേത്രം നിർമ്മിച്ചത്. ഗുരുദേവന് ഇവിടെ സുബ്രഹ്മണ്യസ്വാമിയുടെ ദർശനം ലഭിച്ചതായും ഇവിടെ ക്ഷേത്രം നിർമ്മിക്കണമെന്നും ഗുരുദേവൻ ആവശ്യപ്പെട്ടിരുന്നു. തന്റെ ശിഷ്യൻ, ശങ്കരാനന്ദ സ്വാമികളോടും തദ്ദേശീയരോടും ഗുരുദേവൻ ആവശ്യപ്പെട്ട കാര്യം വർഷങ്ങൾക്ക് ശേഷമാണ് പ്രവർത്തികമായത്. സുബ്രഹ്മണ്യസ്വാമിയാണ് പ്രധാന പ്രതിഷ്ഠ. ഗണപതി, അയപ്പസ്വാമി എന്നിവരുടെ പ്രതിഷ്ഠകൾ ചറ്റമ്പലത്തിനുള്ളിലും പുറത്ത് ഭഗവതി ക്ഷേത്രവും സർപ്പത്തറയുമുണ്ട്.
ഗുരുവായൂർ ഉൾപ്പടെ പല ക്ഷേത്രങ്ങളിലും ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന പ്രസാദ ഊട്ടിൽ പങ്കെടുക്കുന്നവരുടെ ഷർട്ട് ഊരിക്കുന്ന രീതി നിലനിൽക്കുന്ന ഇക്കാലത്ത് ഗുരുദേവന്റെ പാദസ്പർശമേറ്റ സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ ഷർട്ട് ഊരാതെ പ്രവേശിക്കാമെന്ന തീരുമാനം ഉചിതമായെന്നാണ് വിലയിരുത്തൽ.

നാലമ്പലത്തിനകത്ത് പ്രവേശിക്കണമെങ്കിൽ ഷർട്ട് ധരിക്കാൻ പാടില്ലെന്നതിൽ ഒരു ന്യായീകരണവും ഇല്ല. സംസ്ഥാനത്തിന് പുറത്ത് ഒട്ടേറെ പ്രമുഖ ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിച്ചാണ് പ്രവേശിക്കുന്നത്. അവിടങ്ങളിലൊന്നും ഭഗത് ചൈതന്യത്തിന് ഒരു കുറവും ഇല്ല. ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലത്ത് നിലനിന്നതും ഇപ്പോഴും തുടരുന്നതുമായ പ്രാകൃത സമ്പ്രദായമാണ് ഷർട്ട് ഊരൽ എന്നതിനാലാണ് ഇനിമുതൽ ഇവിടെ ഷർട്ട് ധരിച്ച് പ്രവേശിക്കാമെന്ന തീരുമാനം കൈകൊണ്ടത്.
-പി.കെ. സെൽവരാജ്,
ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്.