ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ആഘോഷങ്ങൾക്കായി ഗുരുപവനപുരി ഒരുങ്ങി. ഇന്ന് പുലർച്ചെ മൂന്നിന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങാരംഭിക്കും. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. ശീവേലി സമയങ്ങളിലും ക്ഷേത്ര ദർശനം നടത്താം. മുതിർന്നവർക്കും പ്രാദേശികർക്കുമുള്ള ക്യൂ രാവിലെ നാല് മുതൽ അ‌ഞ്ച് വരെയാണ്. ആറു മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വി.ഐ.പി ദർശനത്തിനും നിയന്ത്രണമുണ്ടാകും. രാത്രി 10 വരെ വരിയിൽ നിൽക്കുന്നവർക്ക് ക്ഷേത്രദർശനം നടത്താം. പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത് വിശിഷ്ട സ്വർണ്ണക്കോലത്തിലാണ്. അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം അത്താഴപ്പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിക്കും. ശേഷം അപ്പം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. 30,000 പേർക്ക് പിറന്നാൾ സദ്യ വിളമ്പും. ഒരേസമയം 1800 പേർക്ക് പങ്കെടുക്കാം. ഉച്ചയ്ക്ക് രണ്ട് വരെ വരിയിൽ നിൽക്കുന്ന മുഴുവൻ പേർക്കും സദ്യ നൽകും.