 
തൃശൂർ: കലാനിലയം അനിൽകുമാർ ചിട്ടപ്പെടുത്തിയ തിശ്രപഞ്ചാരി മേളത്തിന്റെ ആദ്യ ആവിഷ്‌കാരം 21ന് രണ്ടിന് പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ അരങ്ങേറും. മേളരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അവലോകന യോഗവും തുടർന്നുണ്ടാകും. ഡോ. എൻ.പി. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അഞ്ചു കാലങ്ങളും പൂർണമായും തിശ്രനടയിൽ തന്നെ കൊട്ടിത്തീർക്കുന്നതാണ് തിശ്രപഞ്ചാരി മേളം. അനുസാരി വാദ്യങ്ങളായ കുറുംകുഴലിലും കൊമ്പിലും പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. പതിവ് ശങ്കരാഭരണത്തിൽ നിന്നു വ്യത്യസ്തമായി രീതിഗൗള, കാനഡ രാഗങ്ങൾ ഉൾപ്പെടുത്തിയതും കൊമ്പിലെ ചൊല്ലുകൾ തിശ്രനടയിൽ വായിക്കുന്ന പ്രയോഗരീതിയും മേളത്തിന്റെ സവിശേഷതയാണെന്ന് കലാനിലയം അനിൽകുമാർ, പെരുവനം സതീശൻ മാരാർ, തൃക്കാമ്പുറം ജയൻ മാരാർ, കൊടകര രമേശൻ, കാലടി കൃഷ്ണയ്യർ എന്നിവർ പറഞ്ഞു.