1

തൃശൂർ: ദേശീയപാത 66ന് ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും വിപണി വിലയേക്കാൾ അധികം വില നൽകി ഭൂവുടമകളെ തൃപ്തിപ്പെടുത്തിയ സർക്കാരും എൻ.എച്ച് അധികൃതരും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളെയും കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയാണെന്ന് ന്യായമായ നഷ്ടപരിഹാരം ലഭിക്കാത്ത കച്ചവടക്കാരുടെ കൂട്ടായ്മ. വ്യാപാരികളുടെ പുനരധിവാസത്തിന് നിശ്ചയിച്ച 75,000 രൂപ വ്യാപാര സ്ഥാപനത്തിന്റെ വലുപ്പമോ, പഴക്കമോ, ചെലവോ, തൊഴിലാളികളുടെ എണ്ണമോ പരിഗണിക്കാതെ ഒരുപോലെ നിശ്ചയിച്ചത് അശാസ്ത്രീയവും അനീതിയുമാണ്. ഏറ്റെടുത്ത ഭൂമിയിലെ എല്ലാ വ്യാപാരികൾക്കും പുനരധിവാസത്തിന് ആവശ്യമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കൂട്ടായ്മയ്ക്കു രൂപം നൽകിയത്. നഷ്ടപരിഹാരം ലഭിക്കുന്നതു വരെ ഒരു വ്യാപാരിയും സ്ഥാപനത്തിൽ നിന്ന് ഒഴിഞ്ഞുകൊടുക്കേണ്ടതില്ലെന്നും അനുകൂല നടപടിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കു നീങ്ങാനും തീരുമാനിച്ചതായും കൂട്ടായ്മ പ്രസിഡന്റ് അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് കെ.ടി.അലി, അംഗം ഷജീർ എന്നിവർ പറഞ്ഞു.