aaaaaaaമുറ്റിച്ചൂർ കോക്കാൻ മുക്ക് സെന്ററിലെ കരിങ്കൽത്തറ.

വാഹന യാത്രക്കാർക്ക് ഭീഷണിയായി ഉപയോഗശൂന്യമായ ട്രാൻസ്‌ഫോർമർ തറ

അന്തിക്കാട്: മുറ്റിച്ചൂർ കോക്കാൻ മുക്ക് സെന്ററിൽ വാഹന യാത്രക്കാർക്ക് ഭീഷണിയായി വൈദ്യുതി വകുപ്പിന്റെ ഉപയോഗശൂന്യമായ ട്രാൻസ്‌ഫോർമർ തറ. ഇവിടത്തെ ട്രാൻസ്ഫോർമർ പുതിയ സംവിധാനത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പഴയ ട്രാൻസ്‌ഫോർമറിന്റെ കരിങ്കൽ തറ ഇനിയുംപൊളിച്ച് നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നിരവധി വാഹനങ്ങളാണ് ഈ വഴി ദിവസേന കടന്നുപോകുന്നത്. മുറ്റിച്ചൂർ പാലം ഇറങ്ങി കോക്കാൻ മുക്ക് സെന്ററിലെത്തുന്ന വാഹനങ്ങൾക്ക് ചെമ്മാപ്പിള്ളി റോഡിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത വിധമാണ് കരിങ്കൽ തറ നിൽക്കുന്നതെന്നാണ് ആക്ഷേപം. ഇതുമൂലം ഇവിടെ അപകടങ്ങൾ പതിവായി. ഒരു വർഷത്തിനുള്ളിൽ ഇരുപതോളം അപകടങ്ങൾ സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു. അപകടത്തിനിടയാക്കുന്ന ട്രാൻസ്‌ഫോർമർ തറ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സെന്ററിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.