വലപ്പാട് ബീച്ച് അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ നിന്ന്.
വലപ്പാട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വലപ്പാട് ബീച്ച് അമ്പാടി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര വർണാഭമായി. വലപ്പാട് ബീച്ച് പുളിയമ്പുള്ളി നമ്പൂതിരി മഠത്തിൽ നിന്നാണ് ശോഭയാത്ര പുറപ്പെട്ടത്. ഉണ്ണിക്കണ്ണന്റെയും ഗോപികാമാരുടെയും വേഷമണിഞ്ഞ് ശോഭയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ ക്ഷേത്രം മഠാധിപതി കെ.സി. സുനിലിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി. പ്രബോധ് സുനിൽ, ആഘോഷ പ്രമുഖ് വി.എം. ഷിനോയ്, സഹസംയോജക് എ.ജെ. എബിൻ, ഷിജോ അരയംപറമ്പിൽ, വിജിഷ ഉദയൻ, കെ.ബി. ജിഷ്ണു എന്നിവർ സംബന്ധിച്ചു. ക്ഷേത്രാങ്കണത്തിൽ നൃത്തനൃത്ത്യങ്ങൾ അരങ്ങേറിയതിന് പിന്നാലെ അമ്പാടി ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭയാത്രയ്ക്ക് തുടക്കമായി. ഗോപികാ - കണ്ണന്മാരുടെ വേഷമണിഞ്ഞ നിരവധി കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അണിചേർന്നു. തുടർന്ന് വലപ്പാട് ചന്തപ്പടിയിൽ നിന്ന് മഹാശോഭയാത്രയായി തൃപ്രയാർ ക്ഷേത്രനടയിൽ വൈകിട്ടോടെ സമാപിച്ചു.