 
തളിക്കുളത്ത് കുടിവെള്ള പൈപ്പ് പൊട്ടി ചേർക്കര മൈതാനം മുങ്ങി
തളിക്കുളം: കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് ചേർക്കര മൈതാനം മുങ്ങി. മൈതാനത്തിന് സമീപം ടിപ്പുസുൽത്താൻ റോഡിലെ പൈപ്പാണ് പൊട്ടിയത്. രണ്ടാഴ്ചയിലധികമായി പൈപ്പ് പൊട്ടിയിട്ട്. ദിവസംതോറും വളരെയധികം ജലം റോഡിലൂടെ പരന്നൊഴുകുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുന്നത്. ഇതോടെ കുട്ടികൾക്ക് മൈതാനത്ത് കളിക്കാൻ കഴിയാത്ത സാഹചര്യവുമായി. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം മൈതാനത്താണ് വന്നുചേരുന്നത്. ഇപ്പോൾ മൈതാനത്തിന്റെ നടുഭാഗം മുങ്ങിയ നിലയിലാണ്. ഈ ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടുന്നത് നിത്യസംഭവമാണെന്നും ആരോപണമുണ്ട്. പൊട്ടിയ പൈപ്പ് നന്നാക്കണമെന്ന് ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചെങ്കിൽ മാത്രമേ പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്ന് നാട്ടുകാർ പറഞ്ഞു.