 
തൃശൂർ: കാലങ്ങളായുള്ള കർഷകരുടെ പരാതികളിൽ തീർപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബറിൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ കാർഷിക അദാലത്ത് നടക്കും. നിലവിലുള്ള പരാതികൾക്ക് പുറമെ അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പുതിയ പരാതികൾ ഓണത്തിന് ശേഷം സ്വീകരിക്കും.
പ്രകൃതിക്ഷോഭം മൂലമുള്ള വിളനഷ്ടം, വിള ഇൻഷ്വറൻസ്, കീടബാധ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എന്ത് പരാതിയും നൽകാം. ലഭ്യമായ സ്ഥലങ്ങളിൽ എല്ലാവരും കൃഷി ചെയ്യിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് ഒല്ലൂക്കര ബ്ലോക്ക് തല പരിപാടിക്കായി ഒക്ടോബർ 15, 16, 17 തീയതികളിൽ മന്ത്രി എത്തുന്നത്.
സെപ്തംബറിൽ തുടങ്ങുന്ന സന്ദർശനത്തിന്റെ ആദ്യഘട്ടത്തിൽ കാസർകോട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളാണ് ഉള്ളത്. മാർച്ചിനുള്ളിൽ സംസ്ഥാനത്തെ 28 ബ്ലോക്കുകൾ സന്ദർശിക്കും. കാർഷിക പുരോഗതി വിലയിരുത്തുകയാണ് ലക്ഷ്യം. കൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധകളുമായി സംവാദവും അദാലത്തുമുണ്ടാകും.
പരിപാടിയോട് അനുബന്ധിച്ച് മൂന്നു ദിവസത്തെ കാർഷിക പ്രദർശനമുണ്ടാകും. തെരഞ്ഞെടുത്ത കർഷകരുടെ വീട് മന്ത്രിയും ഉദ്യോഗസ്ഥരും സന്ദർശിക്കും. തദ്ദേശീയമായി കർഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കും.
മൂന്ന് സ്ഥലങ്ങളിൽ കൃഷിയിറക്കൽ, വിളവെടുപ്പ് പരിപാടികൾ മന്ത്രി ഉദ്ഘാടനം ചെയ്യും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഗ്രൂപ്പ് അംഗങ്ങളുടെ സംഗമവുമുണ്ടാകും. വെറ്ററിനറി സർവകലാശാലയിലോ കാർഷിക സവകലാശാലയിലോ ആയിരക്കും പരിപാടി. അവസാനദിവസമാണ് ഘോഷയാത്ര. പരിപാടിയുടെ വിജയത്തിനായി മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.