പാവറട്ടി: പൈങ്കണ്ണിയൂർ എ.എം.എൽ.പി സ്‌കൂളിലെ കുടിവെള്ള പൈപ്പുകളും കവാടത്തിലെ പൂട്ടും തല്ലിതകർത്ത് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വ്യാഴാഴ്ചത്തെ അവധി കഴിഞ്ഞ് വെള്ളിയാഴ്ച സ്‌കൂൾ തുറന്നപ്പോഴാണ് തല്ലിതകർത്തതായി കണ്ടത്. അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന സ്‌കൂളിനെ മാനേജ്‌മെന്റും അലുംമ്‌നി കമ്മിറ്റി, ഒ.എസ്.എ, പി.ടി.എ, അദ്ധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്ന് നല്ല നിലയിൽ എത്തിച്ചിരിക്കുന്ന സമയത്താണ് നിരന്തരമായി സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടാകുന്നത്. മുമ്പ് സ്‌കൂൾ ഡോറിന്റെ ലോക്ക് തകർത്ത് സ്‌കൂളിലെ ബൾബുകളും ട്യൂബ് ലൈറ്റും ഊരി കൊണ്ടുപോയിരുന്നു. വിവിധ സമയങ്ങളിലായി കുട്ടികളുടെ കളിസ്ഥലത്തെ ഊഞ്ഞാൽ, അലുംമ്‌നി കമ്മിറ്റി സ്ഥാപിച്ച ബോർഡ്, കുടിവെള്ള പൈപ്പ് എന്നിവയെല്ലാം തല്ലിത്തകർക്കുകയും ചെയ്തിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനാൽ കുറച്ചു കാലത്തേക്ക് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും വീണ്ടും തുടങ്ങിയിരിക്കയാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പൊലീസിൽ പരാതി നൽകുമെന്നും പ്രധാന അദ്ധ്യപിക ഷീബ ജോസ്, പി.ടി.എ പ്രസിഡന്റ് അബ്ദുൽഹഖ് കുട്ടോത്ത്, ഒ.എസ്.എ പ്രസിഡന്റ് മജീദ് ഹസൻ എന്നിവർ പറഞ്ഞു.