 
മേളകലാ സംഗീത സമിതി വാർഷികാഘോഷം രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: മേളകലാ സംഗീത സമിതിയുടെ 12-ാം വാർഷികാഘോഷം ആഘോഷിച്ചു. മാസ്റ്റർ അഭിനന്ദ് കൃഷ്ണയുടെ തായമ്പകയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. വാർഷിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പി.എം. നാരായണൻ മാരാർ അദ്ധ്യക്ഷത വഹിച്ചു. നടൻ സന്തോഷ് കെ. നായർ മുഖ്യാതിഥിയായി. സമിതിയുടെ ഈ വർഷത്തെ സുവർണമുദ്ര ചെണ്ടകലാകാരൻ ഓടത്ത് രാമൻനായർക്ക് ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ സമ്മാനിച്ചു. മുതിർന്ന വാദ്യകലാകാരൻമാരായ പല്ലശ്ശന പൊന്നുകുട്ടൻമാരാർ, പരിയാരത്ത് ഉണ്ണിമാരാർ, ചാലക്കുടി ദിവാകരൻ നായർ, പോഴങ്കണ്ടത്ത് നാരായണൻ നായർ എന്നിവരെ തായമ്പകാചാര്യൻ കല്ലൂർ രാമൻകുട്ടി മാരാർ ആദരിച്ചു. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ ഇലത്താളകലാകാരൻ തെക്കേടത്ത് നാരായണൻ നായർക്ക് ചികിത്സാധനസഹായം വിതരണം ചെയ്തു. പഞ്ചവാദ്യപ്രമാണി പരയ്ക്കാട് തങ്കപ്പൻ മാരാർ, ശുകപുരം രാധാകൃഷ്ണൻ, പൂനിലാർക്കാവ് ദേവസ്വം സെക്രട്ടറി ഇളയത്ത് രവീന്ദ്രൻ, കാവിൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് വത്സകുമാർ തോട്ടാപ്പിള്ളി, കൊടകര ഉണ്ണി, അരുൺ പാലാഴി എന്നിവർ പ്രസംഗിച്ചു.