കൊടുങ്ങല്ലൂർ: തീരദേശത്ത് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ നടത്തിവരുന്ന പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ നിർദ്ദേശം നൽകി. അഴീക്കോട് മുനക്കൽ സുനാമി കോളനിയിലെ വീട്ടമ്മമാരുടെ പരാതിയെ തുടർന്നാണ് തീരുമാനം. അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിൽ പരിശോധനക്കെത്തിയാതായിരുന്നു പൊലീസ് മേധാവി. ഇതിന്റെ ഭാഗമായാണ് മുനക്കൽ സുനാമി കോളനിയിൽ സന്ദർശനം നടത്തിയത്. വായ്പ എടുക്കുന്ന കുടുംബങ്ങളിൽ തിരിച്ചടവ് വൈകിയാൽ ഭീഷണിപ്പെടുത്തുകയും അമിത പലിശ ഈടാക്കുകയാണെന്നും വീട്ടമ്മാർ പൊലീസ് മേധാവിയോട് പറഞ്ഞു. ഈയിടെ കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളി എറിയാട് കാര്യേഴത്ത് സുബീഷി (42) ന്റെ വീട്ടിൽ വായ്പ തിരിച്ചടവിനായി ഏജന്റ് കുത്തിയിരുന്ന സംഭവം പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവി നിർദ്ദേശം നൽകി. ആംബുലൻസ് മാതൃകയിലുള്ള റെസ്‌ക്യൂ ബോട്ട് കടലോര ജാഗ്രതാ സമിതിക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ഐശ്വര്യ ഡോംഗ്രേ ഉറപ്പു നൽകി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് കെ. ശങ്കരൻ, തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ: സി. ബിനു, എസ്.ഐ: കെ.കെ. രാധാകൃഷ്ണൻ എന്നിവരും പൊലീസ് മേധാവിയൊടെപ്പം ഉണ്ടായിരുന്നു.