petol
ചാലക്കുടിയിലെ കെ.എസ്.ആർ.ടി.സിയുടെ പെട്രോൾ പമ്പ്.

ചാലക്കുടി: അധികൃതരുടെ അനാസ്ഥ മൂലം ചാലക്കുടിയിലെ കെ.എസ്.ആർ.സി പെട്രോൾ പമ്പിന്റെ പ്രവർത്തനം അവതാളത്തിൽ. പെട്രോളിയം കമ്പനിക്ക് പണം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച നാലു ദിവസം പമ്പ് അടച്ചിട്ടത് വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ മാസംവരെ ദിനംപ്രതി ശരാശരി ഒമ്പത് ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന പമ്പിൽ ഇപ്പോൾ കളക്ഷൻ നാല് ലക്ഷത്തിന് താഴെയായി. സ്ഥിരം ഡീസൽ അടിച്ചിരുന്ന സ്വകാര്യ ബസുകൾ മറ്റിടങ്ങളിലേയ്ക്ക് മാറിയതാണ് വിൽപ്പന കുത്തനെ ഇടിയാൻ കാരണം. ആറ് ബസുകൾ ഇവിടെ നിന്നും ഡീസൽ അടിച്ചിരുന്നു. നാലു ദിവസം അടഞ്ഞു കിടന്നതോടെ പലതും വരവ് നിറുത്തി. മറ്റു നിരവധി വാഹനങ്ങളുടേയും സ്ഥിതി ഇതുതന്നെ. രണ്ടായിരത്തിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയിൽ ലിറ്റർ ഡീസലാണ് ദിവസേന ചെലവായിരുന്നത്. 3000ത്തിന് താഴെ പെട്രോളും വിറ്റിരുന്നു. കളക്ഷൻ തുക കൃത്യമായി ഇവർ അടയ്ക്കാറുമുണ്ട്. എന്നാൽ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ എത്തിയാൽ തുക വഴിമാറ്റപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. ജില്ലയിൽ ആദ്യമായി കെ.എസ്.ആർ.ടി.സി തുടങ്ങിയ പമ്പാണ് ചാലക്കുടിയിലേത്. 12 ജീവനക്കാരും 24 മണിക്കൂർ സേവനവുമുള്ള ഇതിന്റെ പ്രവർത്തനം ജനങ്ങൾ ആവേശപൂർവമാണ് ഏറ്റെടുത്തത്. എന്നാൽ മേലുദ്യോഗസ്ഥരുടെ വിവേകമില്ലായ്മ ജനപ്രിയ പമ്പിന്റെ കുതിച്ചുച്ചാട്ടത്തെ പിന്നിലേക്ക് വലിക്കുകയാണ്.