 
തകർന്നു കിടക്കുന്ന കാഞ്ഞാണി - പെരിങ്ങോട്ടുകര റോഡ്.
പെരിങ്ങോട്ടുകര - അന്തിക്കാട്
അന്തിക്കാട്: അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിന് കഴിഞ്ഞ അഞ്ച് കൊല്ലമായി പൊളിച്ചിട്ടിരിക്കുന്ന പെരിങ്ങോട്ടുകര - അന്തിക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രംഗത്ത്.
ഏപ്രിൽ, മാർച്ച് മാസങ്ങളിൽ പുത്തൻപീടിക ആക്ഷൻ കൺസിലിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തുകയും കളക്ടർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി അന്തിക്കാട് മുതൽ പെരിങ്ങോട്ടുകര വരെയുള്ള റോഡ് ഏപ്രിൽ 30ന് മുമ്പ് മുഴുവനായി ടാർ ചെയ്തിരുന്നു.
മേയ് 15 മുതൽ മഴ പെയ്തതോടെ റോഡ് വീണ്ടും തകർന്ന് കുളമായി. വാഹനയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയിലുമായി. റോഡ് പണി പൂർത്തിയായി ആറ് മാസത്തിനുള്ളിൽ റോഡ് വീണ്ടും തകർന്നാൽ വിജിലൻസ് അന്വേഷണം നടത്തി കരാറുകാരുടെ പേരിൽ നടപടി എടുക്കണമെന്ന് പുത്തൻപീടിക ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സ്റ്റാലിൻ തട്ടിൽ, അജയൻ മേനോത്തുപറമ്പിൽ, വി.വി. സജിത്ത്, വിജോ ജോർജ് എന്നിവർ ആവശ്യപ്പെട്ടു. ഇപ്പോഴും തകർന്നു കിടക്കുന്ന റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.