ആളൂർ: കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മാതൃകാ സ്ഥാപനമാകാനൊരുങ്ങി ആളൂർ പഞ്ചായത്തിലെ അംഗൻവാടി. പഞ്ചായത്ത് 20-ാം വാർഡിലെ 124-ാം നമ്പർ അംഗൻവാടിയാണ് മൂന്ന് തലമുറകൾക്ക് ഒരുപോലെ സേവനം നൽകുന്ന രീതിയിൽ സജ്ജീകരിക്കുക. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
ഒരു വയസിൽ താഴെയുള്ള കുട്ടികളുടെ ഡേ കെയർ സെന്ററായും, 65 വയസിന് മുകളിലുള്ളവർക്കുളള പകൽവീടായും, സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുളള ആശ്വാസകേന്ദ്രമായും അംഗൻവാടി മാറും. കൗമാരക്കാർ മുതൽ പ്രായമായവർ വരെയുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് 3ജിയിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ പത്തര സെന്റോളം വരുന്ന പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയാണ് കളിസ്ഥലം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ അംഗൻവാടി നിർമ്മിക്കുന്നത്. മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മാഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വകയിരുത്തും. ലൈബ്രറി, സ്‌പോർട്‌സ് ഉപകരണങ്ങൾ, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, ടി.വി എന്നീ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും. 90.39 ചതുരശ്ര വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ വരാന്ത, ക്ലാസ് മുറി, സ്റ്റോർ റൂം, അടുക്കള, രണ്ട് ടോയ്ലറ്റുകൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ വയോജനങ്ങൾക്കായി വിശ്രമമുറിയും ബോധവത്ക്കരണ ക്ലാസുകളും മറ്റും നടത്തുന്നതിനായി മീറ്റിംഗ് ഹാൾ എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, മുൻ എം.എൽ.എ പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി.