udgadanam
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തലോരിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ മുൻ സംസ്ഥാന പ്രസിഡന്റ് എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: കുത്തകൾക്ക് വേണ്ടി കാർഷിക നിയമം കൊണ്ടുവന്ന് ഇന്ത്യൻ കാർഷിക മേഖലയെ തകർക്കാൻ ശ്രമിച്ച ജനവഞ്ചകനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കർഷകസംഘം മുൻ സംസ്ഥാന പ്രസിഡന്റ് എം.എം. മണി. പുത്തൂരിൽ നടക്കുന്ന കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തലോരിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക ബില്ലിനെതിരെ നടന്ന കർഷക പോരാട്ടത്തിനൊടുവിൽ ബിൽ പിൻവലിച്ച് രാജ്യത്തിനോട് മോദിക്ക് മാപ്പ് പറയേണ്ടി വന്നു.
കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകർ ദുരിതത്തിലാണ്. ബി.ജെ.പി കേന്ദ്ര ഭരണത്തിലെത്തിയതിന്റെ മുഖ്യ കാരണക്കാർ കോൺഗ്രസാണ്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയാണ്. കേരളത്തിന്റെ വികസന പ്രവർത്തനത്തനങ്ങൾ തടയാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ എക്‌സ്പ്രസ് ട്രെയിനുകൾ വരമ്പോൾ കേരളത്തിൽ കെ. റെയിലിനെ എതിക്കുന്നത് പിണറായി സർക്കാരിനോടുള്ള വിരോധം കൊണ്ടാണ്. തലോർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ കെ.പി. പോൾ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ, ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ. വർഗീസ്, എം.എം അവറാച്ചൻ, കെ.വി. സജു, കെ.എം. വാസുദേവൻ എന്നിവർ സംസാരിച്ചു. പുത്തൂർ പുഴയോരം ഗാർഡൻസിൽ 26, 27 തിയതികളിൽ നടക്കുന്ന ജില്ലാ സമ്മേളനം അഖിലേന്ത്യ കിസാൻസഭ ജോ. സെക്രട്ടറി വിജുകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.