പട്ടിക്കാട്: പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 7 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. സ്‌കൂളിൽ 3 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക നിലവാരത്തിലുള്ള ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം സെപ്തംബർ 26ന് നടക്കും. സ്‌കൂളിൽ പുതിയ കെട്ടിടത്തിനായി കിഫ്ബി ഫണ്ടിൽ നിന്നാണ് 3 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. 'കില' ക്കാണ് നിർവഹണ ചുമതല. മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഡിസംബറിൽ തന്നെ ആരംഭിക്കാനും മന്ത്രി നിർദ്ദേശിച്ചു.
ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ലബോറട്ടറി കെട്ടിടത്തിന്റെ നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഒക്ടോബർ മാസത്തിൽ തന്നെ പ്രവൃത്തി ആരംഭിക്കും. ഇന്നത്തെ ആവശ്യകതകൾ മാത്രമല്ല നാളെയുടെ സാദ്ധ്യതകളും സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാകണം ഇനി പണി കഴിപ്പിക്കുന്ന വിദ്യാലയങ്ങളെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹൻ, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എക്‌സി.എൻജിനിയർ എ.ഷാജഹാൻ, ഇറിഗേഷൻ എക്‌സി.എൻജിനിയർ ടി.കെ. ജയരാജ്, സ്‌കൂൾ പ്രിൻസിപ്പൽ സിന്ധുഷ, ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക സീമ എ.എം തുടങ്ങിയവർ പങ്കെടുത്തു.