പെരിങ്ങോട്ടുകര: വലപ്പാട് കരയാവട്ടം സ്വദേശിനിയും എൽ.എൽ.ബി വിദ്യാർത്ഥിനിയുമായിരുന്ന ശ്രുതി കാർത്തികേയൻ തമിഴ്നാട്ടിലെ ഈറോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ എം.എൽ.എ ഇടപെടണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടിക എം.എൽ.എ ഓഫീസിനു മുമ്പിൽ ധർണ നടത്തി. പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. എ.എം. ഗഫൂർ അദ്ധ്യക്ഷനായി. പി.എൻ. പ്രൊവിന്റ്, കെ.ജി. സുരേന്ദ്രൻ, എൻ.ഡി. വേണു, സരസ്വതി വലപ്പാട് എന്നിവർ സംസാരിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രുതിയുടെ അമ്മ നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നതായി സി.സി. മുകുന്ദൻ എം.എൽ.എ പറഞ്ഞു. പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ച് മറുപടി നൽകിയിരുന്നതായും എം.എൽ.എ അറിയിച്ചു.