 
വടക്കാഞ്ചേരി: ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ തെക്കുംകര പഞ്ചായത്തിലെ ചെപ്പാറയിൽ ആരംഭിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ ചെലവിൽ വഴിയോര വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഭക്ഷണം, താമസം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്. ചടങ്ങിൽ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ അജി ഫ്രാൻസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്. വിനയൻ, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാദേവി. എന്നിവർ പ്രസംഗിച്ചു.