rajan
ജില്ലാ ടി.ടി.ഐ, പി പി ടി ടി ഐ കലോത്സവം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: സമത്വം, തുല്യത, നീതി എന്നിവയ്‌ക്കൊപ്പം കേരളം ഉയർത്തിപ്പിടിക്കുന്ന മൂല്യമാണ് ജെൻഡർ ഇക്വാളിറ്റിയെന്ന് റവന്യൂമന്ത്രി കെ. രാജൻ. ജില്ലാ ടി.ടി.ഐ - പി.പി.ടി.ടി.ഐ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിൽ എങ്ങനെ ഇടപെടണമെന്ന് വളർന്നുവരുന്ന കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല അദ്ധ്യാപകർക്കാണ്. പാഠഭാഗങ്ങൾക്ക് അപ്പുറത്തുള്ള ലോകത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് കുട്ടികളിൽ സൃഷ്ടിക്കാൻ അദ്ധ്യാപകർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. രാമവർമ്മപുരം ഡയറ്റിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷയായി.

75 അദ്ധ്യാപകരും 270 വിദ്യാർത്ഥികളും കലോത്സവത്തിൽ പങ്കെടുത്തു.19 ഇനങ്ങളിലാണ് മത്സരം. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന ലളിതഗാനം, സംഘഗാനം, കവിയരങ്ങ് എന്നിവയിൽ അദ്ധ്യാപകർ പങ്കെടുത്തു. സംസ്ഥാനതല മത്സരങ്ങൾ സെപ്തംബർ 4,5 തീയതികളിൽ നടക്കും.