പുതുക്കാട്: പൊതു അവധി ദിവസങ്ങളുടെ തലേ ദിവസം പാലിയേക്കര ടോൾ പ്ലാസ കടക്കാൻ മണികൂറുകൾ കാത്തു കിടക്കേണ്ട സ്ഥിതി. ടോൾ പ്ലാസക്കിരുവശത്തും കലോമീറ്ററുകൾ ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. ടോൾ പിരിവ് ആരംഭിച്ചപ്പോൾ ടോൾ പ്ലാസ വഴി കടന്നുപോയിരുന്ന വാഹനങ്ങൾ പ്രതിദിനം ശരാശരി 10,000 ആയിരുന്നങ്കിൽ ഇപ്പോൾ കടന്നുപോകുന്നത് ശരാശരി 36,000 വാഹനങ്ങളാണ്. പൊതു അവധി ദിവസങ്ങളുടെ തലേന്നാൾ ടോൾ പ്ലാസ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ഇതിലും എറെ കൂടുതലാണ്. ഓണം അടുത്തു വരുന്നതോടെ വരുംനാളുകളിലും തിരക്ക് വർദ്ധിക്കും.
ടോൾ നൽകി പോകുന്ന വാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. മണ്ണുത്തിവരെ ആറുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങളും കുന്നംകുളം, ഗുരുവായൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളും മണ്ണുത്തിയിൽ നിന്നും നാലുവരിപ്പാതയിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് നിയന്ത്രണാതീതമാണ്. യാത്രക്കാരുടെ ഇപ്പോഴത്തെ പ്രതീക്ഷ 60 കി.മീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസ ഉണ്ടായിരിക്കില്ലെന്ന പ്രസ്താവനയാണ്. പാലിയേക്കരയിൽ നിന്നും പാലക്കാട് ജില്ലയിലെ പന്നിയങ്കരയിലേക്കുള്ള ദൂരം ഇതിൽ കുറവാണെന്നതിനാൽ പാലിയേക്കര ടോൾ പ്ലാസ നിറുത്തലാക്കണമെന്ന ആവശ്യവും ശക്തമാണ്. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന് സ്ഥലമെടുപ്പ് ആരംഭിച്ച കാലത്ത് ഉണ്ടായ ശക്തമായ എതിർപ്പായിരുന്നു പാത നാലുവരിയിൽ ഒതുക്കിയത്. ടോൾ റോഡുകൾ നിർമ്മിക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സർക്കാർ ദേശീയപാതകളുടെ വികസനത്തിന് കേരളത്തിന് പണം നൽകില്ലെന്ന ഭീക്ഷണിക്കു മുന്നിൽ കിഴടങ്ങിയാണ് നാലുവരി പാത നിർമ്മിക്കാൻ അനുമതി നൽകിയത്. ദേശീയ പാത ആറുവരിയാക്കുന്നതിനുള്ള സർവേ രണ്ട് വർഷം മുമ്പ് ദേശീയപാത അതോറിറ്റി ആരംഭിച്ചതായിരുന്നു. കൊവിഡ് വ്യാപനത്തോടെ സർവേ മുടങ്ങി. പിന്നിട് പുനരാരംഭിച്ചുമില്ല.
അടുത്തടുത്തുള്ള സിഗ്നലുകളും കുരുക്കിന് കാരണം
റോഡിന്റെ ശോച്യാവസ്ഥ, അടുത്തടുത്തുള്ള സിഗ്‌നലുകൾ ഇവയും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. സിഗ്‌നൽ ജംഗ്ഷനുകളിൽ ദേശീയപാത മുറിഞ്ഞു കടക്കാൻ നൽകുന്ന സമയം പരമാവധി 25 സെക്കന്റ് ആണ്. ഇത്രയും സമരം ടോൾ റോഡിലൂടെ വരുന്ന വാഹനങ്ങൾ സിഗ്‌നലിൽ വീണ്ടും നിറുത്തിയിടേണ്ടി വരുന്നു.