തൃപ്രയാർ: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ അഖില കേരള ഇന്റർ കോളീജിയറ്റ് വോളിബാൾ ടൂർണമെന്റിൽ എസ്.എൻ.ജി.സി ചേലന്നൂർ ചാമ്പ്യന്മാരായി. സമാപന സമ്മേളനവും സമ്മാനദാനവും റവന്യു മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. സംഘാടക സമിതി ചെയർമാനും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തിയാണ് എസ്.എൻ.ജി.സി ചേലന്നൂർ കീരിടം ചൂടിയത്.
മികച്ച ഓൾറൗണ്ടറായി എസ്.എൻ.ജി.സി ചേലന്നൂരിന്റെ താരം ഗോകുൽ ഷാജിയെ തിരഞ്ഞെടുത്തു. ഇന്ത്യൻ വോളിബാളിലെ താരങ്ങളായ ടോം ജോസഫ്, ടി.സി. ജ്യോതിഷ് തുടങ്ങിയവർ മുഖ്യാതിഥികളായി. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, മുൻ ഇന്റർനാഷണൽ വോളിബാൾ പ്ലെയറും റെയിൽവേ താരവുമായ പി.സി. ഗോപിനാഥ്, ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപകനായ ഡോ. വിവേകാന്ദൻ, വോളിബാൾ സ്റ്റേറ്റ് റഫറി പി.പി. ഹരി എന്നിവർ മത്സരം നിയന്ത്രിച്ചു.