online-loan

ലോൺ ആപ്പുകൾ വഴി കടം വാങ്ങുന്നയാളുടെ മൊബൈലിലുളള സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നുവെന്ന റിപ്പോർട്ടുകൾ ഏറെ ആശങ്കാജനകമാണ്. ലോണിനായുളള നടപടിക്രമങ്ങൾ ഒന്നോ രണ്ടോ മൊബൈൽ ടച്ചിൽ തീരും. ഓൺലൈനായി പണം പലിശ കഴിച്ച് ഉടൻ അക്കൗണ്ടിലെത്തും. പക്ഷേ, അടച്ച പണം കിട്ടിയില്ലെന്ന് പറഞ്ഞ് കടക്കാരന്റെ മൊബൈലിലെ സ്ത്രീകളുടെ ചിത്രങ്ങൾ നഗ്നചിത്രമാക്കി പ്രചരിപ്പിക്കുമ്പോൾ കുറ്റവാളികളെ പിടികൂടാനാകാതെ നിസഹായരാവുകയാണ് പൊലീസ്. മൊബൈൽ ഫോണിലെ കോൺടാക്ട്‌സ്, ഗാലറി എന്നിവ കൈക്കലാക്കി അതിലുള്ള സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികൾ കഴിഞ്ഞദിവസം തൃശൂരിലുമുണ്ടായി.

തന്റെ ഫോട്ടോ നഗ്നശരീരത്തോട് ചേർത്ത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി യുവതിയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിലാണ് ലോൺആപ്പ് കമ്പനിക്കാർ പരാതിക്കാരിയായ യുവതിയുടെ ഓഫീസിലെ യുവാവിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച ഫോട്ടോ ഉപയോഗിച്ചാണ് ഈ കൃത്യം ചെയ്തതെന്ന് കണ്ടെത്തിയത്. ഉത്തരേന്ത്യയിലും മറ്റുമുള്ള ഭിക്ഷാടകരുടെയും നിർദ്ധനരായ കർഷകരുടെയും പേരിൽ മൊബൈൽ സിമ്മും ബാങ്ക് അക്കൗണ്ടും ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനാൽ ഏത് അന്വേഷണ ഏജൻസി ശ്രമിച്ചാലും പ്രതികളെ കണ്ടെത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

യുവാവിന്റെ മൊബൈലിൽ ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആപ്പ് വഴി രണ്ട് പ്രാവശ്യം പതിനായിരം രൂപയാണ് വായ്പ എടുത്തത്. ഇരട്ടിയോളം തുക തിരിച്ചടച്ചു. എന്നാൽ പണം ലഭിച്ചില്ലെന്നും, വീണ്ടും തുക അടയ്ക്കണമെന്നും പറഞ്ഞ് ഭീഷണിയായി. തെളിവ് സഹിതം പറഞ്ഞിട്ടും ആപ്പുകാർ അത് പരിഗണിച്ചില്ല. നമ്പർ ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റ് നമ്പറുകളിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി. ഓഫീസിലെ ചടങ്ങിൽ സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയിൽ പരാതിക്കാരിയായ യുവതിയുമുണ്ടായിരുന്നു. വാട്‌സ് ആപ്പിൽ പ്രൊഫൈലായി യുവതി ഇത് ഉപയോഗിച്ചു. ഈ ഫോട്ടോ ഉപയോഗിച്ചാണ് കമ്പനിക്കാർ, നിരപരാധിയായ യുവതിയുടെ ഫോട്ടോ നഗ്‌നചിത്രമാക്കി യുവാവിന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവരിലേക്ക് പ്രചരിപ്പിച്ചത്. പൊലീസ് ഇക്കാര്യം അറിയിച്ചപ്പോൾ യുവാവും അന്തംവിട്ടു. പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്.

ലോൺ ആപ്പ് സന്ദേശത്തിൽ

അപകടം മണത്തു

യുവാവിന്റെ മൊബൈൽ ഫോണിലേക്ക് ലോൺ ആപ്പ് കമ്പനിക്കാർ അയച്ചു നൽകിയ ഇംഗ്ലീഷിലുള്ള സന്ദേശമാണ് പൊലീസിൻ്റെ അന്വേഷണം വഴിത്തിരിവിലെത്തിച്ചത്. ' ലോൺ തുക അടച്ചു തീർന്നിട്ടില്ല. നിശ്ചിത ദിവസത്തിനകം അടച്ചു തീരാതിരുന്നാൽ ഇക്കാര്യം കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും അറിയിക്കും, നിങ്ങളെ അപമാനിതനാക്കും' എന്നായിരുന്നു സന്ദേശം. തുടർന്നാണ് ആപ്പുകാരുടെ പുതിയ തട്ടിപ്പ് കണ്ടെത്തിയത്.

ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയം ഫോണിൽ നിന്നും കോൺടാക്ട്‌സ്, ഗാലറി എന്നിവ ഇവർ കൈക്കലാക്കുന്നുണ്ട്. സെൽഫി ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ആവശ്യപ്പെടും. ലോൺ എടുക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് വലിയൊരു തുക കിഴിച്ച ശേഷം മാത്രമാകും. ലോൺ തിരിച്ചടച്ചാലും, ആപ്പിൽ വരവു വയ്ക്കാതെ തുക മുടങ്ങിയെന്നപേരിൽ പണവും പലിശയും ആവശ്യപ്പെട്ടാണ് തട്ടിപ്പ് തുടങ്ങുന്നത്. വ്യാജ ഐ.ഡികളിൽ നിന്നും വാട്‌സ് ആപ്പ് നമ്പറുകളിൽ നിന്നുമായിരിക്കും സന്ദേശം അയക്കുന്നത്. ഇരയാകുന്നവർ നാണക്കേടോർത്ത് പരാതി പറയില്ല. ഈ രീതി കുറ്റകൃത്യം ആവർത്തിക്കാൻ കാരണമാകുന്നതായി സെെബർ പൊലീസ് പറയുന്നു.

ഡൽഹിയിൽ കുടുങ്ങി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ലോൺ ആപ്പ് പണം തട്ടിപ്പുകാരുടെ വൻ റാക്കറ്റിനെ ഡൽഹി പൊലീസ് വലയിലാക്കിയിട്ടുണ്ട്. 500 കോടിരൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനൊടുവിൽ 22 പേരെ പിടികൂടിയതായാണ് റിപ്പോർട്ടുകൾ. പിടിയിലായവരെല്ലാം ഇന്ത്യക്കാരാണെങ്കിലും ചൈനീസ് സംഘങ്ങളാണ് ആപ്പുകളെ നിയന്ത്രിക്കുന്നതെന്നും അവരുടെ തൊഴിലാളികളാണ് തങ്ങളെന്നും പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്.

നൂറിലധികം ലോൺ ആപ്പുകൾ നിയന്ത്രിക്കുന്നവരാണ് പിടിയിലായത്. നിരവധി മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്കുകൾ, ലാപ്‌ടോപ്പുകൾ, ഡബിറ്റ്, ക്രഡിറ്റ് കാർഡുകൾ, മൂന്ന് കാറുകൾ നാല് ലക്ഷം രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കേരളത്തിലടക്കം നിരവധി പേരാണ് ലോൺ ആപ്പുകാരുടെ തട്ടിപ്പിന് ഇരയായത്. വലിയ രീതിയിൽ പരാതികളും ഉയർന്നിരുന്നു. ആപ്പുകൾ വഴിയാണ് മറ്റ് തെളിവുകളൊന്നും ആവശ്യപ്പെടാതെ പണം കടം നൽകുന്നത്. ആപ്പുകൾ ഫോണിലേക്ക് ഡൗൺലോഡാകുമ്പോൾ നൽകുന്ന കൺസന്റ് വഴിയാണ് വ്യക്തികളുടെ ഫോൺ വിവരങ്ങൾ ചോർത്തിയെടുക്കുന്നതെന്ന് പറയുന്നു. പണം അടയ്‌ക്കുന്നത് ഒരു തവണ തെറ്റിയാൽ പോലും ചോർത്തിയെടുത്ത വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഫോണിലുള്ള നമ്പറുകളിലേക്ക് വ്യക്തിയുടെ മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങളടക്കം അയച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പറയുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലേയും നിരവധി പേർ ആപ്പ് കെണിയിൽ പെട്ട് ഉൗരാക്കുടുക്കിലായിട്ടുണ്ട്.

കഴിഞ്ഞ മാസം പത്തനംതിട്ടയിലും ലോൺ ആപ്പ് വഴി തട്ടിപ്പ് നടന്നിരുന്നു. ഒറ്റക്ലിക്കിൽ വേഗത്തിൽ പണം കിട്ടുമെന്നതും സാധാരണ ബാങ്ക് നടപടി ക്രമങ്ങളിലെ നൂലാമാലകൾ ഇല്ലെന്നതുമാണ് കൂടുതൽ പേരെ തട്ടിപ്പിലേക്ക് വഴി നടത്തുന്നത്. കൂടുതലും യുവാക്കളാണ് തട്ടിപ്പിന് ഇരയാകുന്നത്. നാണക്കേടോർത്ത് വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് കുറ്റകൃത്യം വ്യാപകമാകാൻ ഇടയാക്കുന്നതിനാൽ കെണിയിൽ വീണെന്ന് ബോദ്ധ്യപ്പെട്ടാൽ അപ്പോൾത്തന്നെ പരാതിപ്പെടണം. ഈ വിഷയത്തിൽ വ്യാപകമായ ബോധവൽക്കരണം വേണമെന്നും പൊലീസ് പറയുന്നു.