
തൃശൂർ : തളിക്കുളം സ്‌നേഹതീരം ബീച്ചിലെത്തുന്ന സന്ദർശകരുടെ നൊമ്പരമായിരുന്ന തെരുവുനായയുടെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരം. തൃശൂരിൽ വിയ്യൂരിൽ പെറ്റ് ക്‌ളിനിക്കിൽ ഡോ.മിഥുന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. സ്‌നേഹതീരം ബീച്ചിന് സമീപം കൈതാക്കനാലിൽ ഒന്നര വർഷമായി ശരീരമാസകലം വളരെ ഭാരമേറിയ ട്യൂമറുമായി നടക്കുകയായിരുന്നു തെരുവുനായ. ചില ഓട്ടോക്കാരും മറ്റ് ജീവനക്കാരും ചേർന്നാണ് ഭക്ഷണമടക്കം നൽകി പരിപാലിച്ചത്. ട്യൂമർ വളർന്ന് നടക്കാൻ സാധിക്കാത്ത വിധം വികസിച്ചതോടെ നാട്ടുകാർ ചേർന്ന് അനിമൽ ലീഗൽ ഫോഴ്‌സ് സംഘടനയെ വിവരമറിയിച്ചു. അനിമൽ ലീഗൽ ഫോഴ്‌സ് സംഘടനാ പ്രസിഡന്റ് അമ്മു സുധിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നായയെ സംരക്ഷിച്ച് വിയ്യൂരിലെ ക്‌ളിനിക്കിലെത്തിക്കുകയായിരുന്നു. മിഥുൻ ഡോക്ടറുടെ നേതൃത്വത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂന്നു ഘട്ടമായാണ് ശസ്ത്രക്രിയ പൂർത്തിയാക്കേണ്ടത്.