പുതുക്കാട്: പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങൾ കൈയേറിയിട്ടുള്ളത് കണ്ടെത്തുന്നതിലും ഒഴിപ്പിക്കുന്നതിലും ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഇരട്ടത്താപ്പെന്ന് ആക്ഷേപം. പഞ്ചായത്തിൽ ചുരുങ്ങിയത് ഒരു ഡസൻ പഞ്ചായത്ത് കിണറുകൾ, റോഡുകൾ, തോടുകൾ എന്നിവ സ്വകാര്യ വ്യക്തികൾ കൈയേറി കൈവശം വച്ചു കൊണ്ടിരിക്കുന്നുണ്ട്. പ്രാദേശികമായി റോഡുകൾ വിട്ടു കിട്ടുന്നതിനും കിണറുകൾ തുറന്ന് കിട്ടുന്നതിനും മറ്റുമായി ആവശ്യങ്ങളും പരാതികളുമായി കാലാകാലങ്ങളിൽ നാട്ടുകാർ പഞ്ചായത്ത് അധികാരികളെ സമീപിക്കുമ്പോൾ മൗനം പാലിക്കുകയാണ് പതിവ്.
പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തു മാത്രം മൂന്ന് കിണറുകൾ പഞ്ചായത്തിന്റെതായി ഉണ്ടായിരുന്നു. പുതുക്കാട് പഞ്ചായത്ത് നിലവിൽ വരുന്നതിന് മുമ്പ് പറപ്പൂക്കര പഞ്ചായത്തിന്റെ ഭാഗമായിരുന്നപ്പോൾ നിർമ്മിച്ചതാണ് മൂന്നു കിണറുകളും. ഒരു കിണർ സ്വകാര്യവ്യക്തി മൂടി സ്ഥലം കൈവശപ്പെടുത്തി. മറ്റു രണ്ട് കിണറുകളും സ്വകാര്യ വ്യക്തികൾ സ്വന്തമാക്കി. ടൗണിനോട് ചേർന്ന് വടക്കെ തൊറവിൽ നിന്നുള്ള ഒരു റോഡ് സ്വകാര്യ വ്യക്തികൾ വർഷങ്ങളായി കൈവശം വച്ചു കൊണ്ടിരിക്കുകയാണ്. റവന്യൂരേഖകളിലുള്ള വഴി തുറന്നു കിട്ടാൻ നാട്ടുകാർ നൽകിയ നിവേദനങ്ങൾക്ക് എന്നും ചവറ്റുകുട്ടയിലാണ് സ്ഥാനം. ദേശീയപാതയിൽ ചേരുന്ന ഒരു പ്രധാന റോഡ് പാത നവീകരണത്തിന്റെ സമയത്ത് അടച്ചുകെട്ടി. പ്രാദേശിക ഭരണകൂടം കണ്ടില്ലെന്ന് നടിച്ചു. കോടികൾ മുടക്കി പുതുക്കാട് സിഗ്‌നൽ ജംഗ്ഷൻ മുതൽ ചെറുവാൾ വരെ വികസിപ്പിച്ചപ്പോൾ ജംഗ്ഷൻ മുതൽ ബ്ലോക്ക് ഓഫീസ് വരെയുള്ള റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് പകരം കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികൾക്ക്. സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ സ്വകാര്യ ലാബ് ആരംഭിക്കാനിരിക്കെ ഇതിന് സമീപത്തുണ്ടായിരുന്ന പുറമ്പോക്ക് സ്ഥലം ലാബ് ഉടമ വൻവില നൽകി വാങ്ങി. പാർക്കിംഗിനുള്ള സൗകര്യം വിപുലീകരിച്ചു. പഞ്ചായത്ത് സ്ഥലം അളന്ന് തിരിക്കാൻ ശ്രമം നടത്തിയെങ്കിലും ഇതിനെതിരെ സി.പിഎം പ്രതഷേധവുമായി രംഗത്തെത്തി. ഒരു വ്യക്തിയുടെ കൈവശമുള്ള സ്ഥലം മാത്രം അളക്കാൻ പാടില്ലന്നും ഇത് വ്യക്തി വൈരാഗ്യമാണെന്നുമാണ് സി.പി.എം നിലപാട്. മുഴുവൻ കൈയേറ്റങ്ങളും അളന്ന് ഒഴിപ്പിക്കണമെന്നും താലൂക്ക് സർവേയരോടും പഞ്ചായത്ത് സെക്രട്ടറിയോടും ഇവർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പരിധിയിലെ മറ്റ് കൈയേറ്റങ്ങളെപ്പറ്റി ആരും പരാമർശിക്കുന്നുമില്ല.