പാവറട്ടി: കക്കൂസ് മാലിന്യം മൂലം പൊറുതി മുട്ടുകയാണ് ചൊവ്വല്ലൂർപ്പടി-ചിറ്റാട്ടുകര റോഡ് പരിസരവാസികൾ. ചൊവ്വല്ലൂർപ്പടി തിരിവിൽ നിന്നും ബ്രഹ്മക്കുളം പൗർണമി ഹാൾ വരെയുള്ള റോഡിന്റെ ഇരുവശത്തേയും തേടുകളാണ് കക്കൂസ് മാലിന്യ മാഫിയ കയ്യടക്കി വച്ചിരിക്കുന്നത്. നിരവധി മാസങ്ങളായി ആഴ്ചയിൽ രണ്ടു മൂന്നു തവണകളിലായി ഈ റോഡിന്റെ വശങ്ങളിലെ പുല്ല് മൂടിക്കിടക്കുന്ന തോടുകളിൽ വിവിധ ഭാഗങ്ങളിൽ മാറി മാറി മാലിന്യം ഒഴുക്കുന്നു.
ഗുരുവായൂർ നഗരസഭയും എളവള്ളി പഞ്ചായത്തും അതിർത്തി പങ്കിടുന്നതാണ് ഈ റോഡ്. അധികൃതരെ വിവരമറിയിച്ചാൽ അൽപ്പം ബ്ലീച്ചിംഗ് പൗഡർ ഇട്ട് പോകുകയല്ലാതെ മറ്റൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പരിസരത്തെ ശുദ്ധജല സ്രോതസുകളും കിണറുകളും മലിനമാക്കുന്ന ഈ പ്രവൃത്തി ചെയ്യുന്നവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറി പ്രവർത്തകർ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലും നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലും എളവള്ളി പഞ്ചായത്തിലും പരാതി നൽകി. കൂണുപോലെ മുളച്ചുപൊന്തുന്ന ഇത്തരം ക്ലീനിംഗ് കമ്പനികൾക്ക് ആരോഗ്യ വിഭാഗത്തിന്റെ ലൈസൻസ് നിർബന്ധമാക്കുന്നതോടൊപ്പം ശരിയായ വിധത്തിലാണ് മാലിന്യം സംസ്‌കരിക്കുന്നത് എന്ന് ഉറപ്പു വരുത്തണമെന്നും ദേവസൂര്യ ആവശ്യപ്പെട്ടു.
ഒരു നാടിന്റെ കുടിവെള്ളത്തിൽ മാലിന്യം കലർത്തുന്നത് തടയാൻ ഏതറ്റം വരെയും പോകും. ഇനിയും ഇത് തുടർന്നാൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും.
-കെ.സി. അഭിലാഷ്
(ദേവസൂര്യ പ്രസിഡന്റ്)