കൊടകര: മനക്കുളങ്ങര ഗ്രാമീണ വായനശാലയുടെയും സാംസ്‌കാരിക സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഇ.എൽ. പാപ്പച്ചൻ അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു. മനക്കുളങ്ങര വായനശാല പരിസരത്ത് നടത്തിയ പരിപാടി കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. മനക്കുളങ്ങര സാംസ്‌കാരിക സംഘം പ്രസിഡന്റ് ദിനേഷ് പരമേശ്വരൻ അദ്ധ്യക്ഷനായി. എ.സി. വേലായുധൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊടകര ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ എം.കെ. ജോർജ്, കൊടകര പഞ്ചായത്ത് അംഗം എം.എം. ഗോപാലൻ, ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം എൻ.എസ്. വിദ്യാധരൻ, മനക്കുളങ്ങര ഗ്രാമീണ വായനശാല പ്രസിഡന്റ് എൻ.ബി. സത്യൻ, മനക്കുളങ്ങര ഗ്രാമീണ വായനശാല സെക്രട്ടറി ഷൈല നന്ദൻ, മനക്കുളങ്ങര സാംസ്‌കാരിക സംഘം സെക്രട്ടറി എൻ.വി. ബിജു എന്നിവർ സംസാരിച്ചു.