house

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കാതെ കിടക്കുന്ന വേലൂക്കരയിലെ ബനാന പായ്ക്ക് ഹൗസ്.

ചാലക്കുടി: വാഴപ്പഴവും പച്ചക്കറികളാലും പുരാതനകാലം മുതൽ കേൾവി കേട്ടതാണ് ചാലക്കുടിപ്പുഴയാൽ അനുഗ്രഹീതമായ പരിയാരം എന്ന കർഷക ഭൂമി. ഇപ്പോൾ റമ്പൂട്ടാൻ, മാങ്കോസ്റ്റുകളുടെ ആധിപത്യവുമായി. എന്നാൽ പരിയാരത്തെ കർഷകർക്ക് ആത്യന്തികമായി ഗുണകരമാകുന്ന നടപടികൾ ഇന്നും വിദൂര സ്വപ്നമാണ്.വേളൂക്കരയിലെ കാടുപിടിക്കുന്ന വി.എഫ്.പി.സി.കെ ബനാന പായ്ക്ക് ഹൗസ് ഇതിന് ഉത്തമ ഉദാഹരണമാണ്. പഴങ്ങളും പച്ചക്കറികളും ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്നതിന് നിർമ്മിച്ച കെട്ടിടമാണ് ഇവിടെ ട്രയൽ റൺ പോലും നടത്താതെ അടച്ചിട്ടിരിക്കുന്നത്. പഞ്ചായത്തിലേയും പരിസര പ്രദേശത്തേയും കാർഷിക ഉത്പന്നങ്ങൾ ശേഖരിച്ച് ശുദ്ധിയാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിലൂടെ കർഷകർക്ക് വലിയ ആശ്വാസമാകുന്നതാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. നിരവധി പേർക്ക് തൊഴിലവസരങ്ങളുമുണ്ടാകും. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രമോഷൻ കൗൺസിൽ ഒഫ് കേരളയുടെ ജില്ലാ ഘടകമാണ് വേളൂക്കരയിലെ വിപണ കേന്ദ്രത്തിന് വേണ്ടി ബനാന പായ്ക്ക് ഹൗസ് നിർമ്മിച്ചത്. കേന്ദ്ര ഏജൻസികളായ നബാർഡ്, അപേഡ എന്നിവയുടെ സാമ്പത്തിക സഹായത്താൽ 2.11 കോടി രൂപ ചെലവിലാണ് നിർമ്മാണം. സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലം പതിനഞ്ച് വർഷത്തേയ്ക്ക് പാട്ടത്തിനെടുത്ത് വി.എഫ്.പി.സി.കെ ഒരു വർഷം മുമ്പ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി. എല്ലാ മെഷിനറികളും സജ്ജമാണ്. നിർമ്മാണത്തിലെ ചില അപാകതകൾ മൂലം പഞ്ചായത്തിൽ നിന്നും കെട്ടിടത്തിന് ലൈസൻസ് ലഭിച്ചിട്ടില്ല. ഇതിനായി പ്രമോഷൻ കൗൺസിൽ മെനക്കെടുന്നില്ലെന്നതാണ് വസ്തുത. വേളൂക്കര ആസ്ഥാനമാക്കിയുള്ള ഭരണ സമിതിയിലെ ചേരിപ്പോരാണ് ഇതിനു കാരണമെന്നും പറയുന്നു.

......................

ക്ലസ്റ്റർ വഴി ഉത്പന്നങ്ങൾ ശേഖരിക്കും
പൂവത്തിങ്കലിലെ വി.എഫ്.പി.സി.കെയുടെ കീഴിലുള്ള ക്ലസ്റ്റർ വഴി ഉത്പന്നങ്ങൾ ശേഖരിക്കും. സംഘത്തിന്റെ ചന്തയിലെത്തുന്ന കായകളും പച്ചക്കറികളും കൂടുതൽ വിലയ്ക്ക് വേളൂക്കരയിലെ കേന്ദ്രത്തിൽ വിൽക്കാം. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാൽ ഗുണനിലവാരം കൂടിയ ഇനങ്ങളുടെ കൃഷി രീതിയ്ക്ക് കർഷകർ തയ്യാറാകും.

പരിയാരത്തെ കർഷകർക്ക് ഏറെ ഗുണം ചെയ്യുകയും നിരവധി പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതി പ്രാവർത്തികമാക്കാൻ അധികൃതർ തയ്യാറാകണം.
-കർഷകൻ വി.സി. സിജോ.