കൊടുങ്ങല്ലൂർ: നഗര പ്രദേശങ്ങളിലേക്കുള്ള ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിനായുള്ള പൈപ്പ് തുടർച്ചയായി പൊട്ടുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് കോൺഗ്രസ് പുല്ലൂറ്റ് കൂട്ടായ്മ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കാലപ്പഴക്കം മൂലമാണ് വൈന്തലയിൽ നിന്ന് പുല്ലൂറ്റ് സംഭരണ ടാങ്കിലേക്കും, അവിടെ നിന്ന് കൊടുങ്ങല്ലൂർ നഗരസഭ പ്രദേശങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പൈപ്പുകൾ പൊട്ടുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ചില സമയങ്ങളിൽ കൂടുതൽ ദിവസങ്ങൾ എടുത്താണ് സപ്ലൈ പുനസ്ഥാപിക്കപ്പെടുന്നത്. പുതിയ ലൈൻ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് വന്നെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. കെ.പി. സുനിൽകുമാർ അദ്ധ്യക്ഷനായി. പി.എൻ. മോഹനൻ, കെ.ജി. മുരളീധരൻ, കെ.കെ. ചിത്രഭാനു, നൗഷാദ് പുല്ലൂറ്റ്, നിഷാഫ് കുര്യാപ്പിള്ളി, എം.കെ. സത്യൻ, ശ്രീദേവി വിജയകുമാർ, സി.ആർ. പമ്പ എന്നിവർ സംസാരിച്ചു.