manappuram
മട്ടിക്കല്ലുകളും മരത്തടികളും അടിഞ്ഞ ആറങ്ങാലി മണപ്പുറം.

ചാലക്കുടി: കാലവർഷം വികൃതമാക്കിയ നൊമ്പരവുമായി അന്നനാട് ആറങ്ങാലി മണപ്പുറം. വിശാലമായ മണൽപരപ്പിൽ കല്ലും മരക്കുറ്റികളും നിറഞ്ഞത് വിനോദ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. 2018 പ്രളയം കൊണ്ടുവന്ന മനോഹാരിതയ്ക്ക് ഇക്കുറി മാരകമായ പ്രഹരം ഏൽക്കുകയായിരുന്നു. മലവെള്ളത്തിന്റെ കയറ്റിറക്കത്തിന് ശേഷം പ്രമാദമായ മണപ്പുറത്തിന്റെ മേൽത്തട്ട് അപ്രത്യക്ഷമായി. വെള്ളം കുത്തിയൊഴുകിയ പലയിടത്തും വലിയ തോടുകളും രൂപം കൊണ്ടു. മണൽത്തീരത്തിന്റെ മുക്കാൽ ഭാഗവും വലിയ കല്ലുകളും പഴകിയ മരക്കൊമ്പുകളും വന്നടിഞ്ഞു. പലയിടത്തും നടക്കാൻ കഴിയാത്ത അവസ്ഥയും.
വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന നാളുകളാണ് ഓണത്തോടെ വരുന്നത്. ആയിരക്കണക്കിന് ആളുകളുടെ ഇഷ്ട കേന്ദ്രമായ ആറങ്ങാലി മണപ്പുറത്തിന്റെ സ്വാഭാവികതയ്ക്കായി ഇനി പഞ്ചായത്ത് ഭരണ സമിതി എന്തു ചെയ്യുമെന്ന ചോദ്യം പ്രസക്തമാകുന്നു. ആദ്യകാലങ്ങളിൽ മണത്തീരങ്ങൾക്കും പുകൾപ്പെറ്റതായിരുന്നു ചാലക്കുടിപ്പുഴയുടെ പെരുമ. അമിതമായ മണൽക്കൊള്ളയും തുടർന്നു സംഭവിച്ച പുഴയുടെ ഗതിമാറ്റങ്ങളും മണപ്പരപ്പുകളെ അപ്രസക്തമാക്കി. ഓരോ വർഷവും വർഷക്കാലത്തിന് ശേഷം മണപ്പുറങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. പുഴയെ സ്‌നേഹിക്കുന്നവരുടെ മനസിൽ ഇതെല്ലാം നൊമ്പരമുണർത്തി.
എന്നാൽ നഷ്ടപ്പെടുന്ന മണപ്പുറങ്ങൾക്ക് അപവാദമായിരുന്നു എക്കാലത്തും അന്നനാട് ആറങ്ങാലി മണപ്പുറം. മണൽ ലോബികൾ കഴുകകണ്ണുകളുമായി വട്ടമിട്ടു പറന്നിട്ടും അന്നന്നാട്ടുകാർ കണ്ണിൽ എണ്ണയൊഴിച്ച് ഇവിടെ കാവലിരുന്നു. ഗ്രാമത്തിലെ യുവാക്കൾ ഒത്തൊരുമിച്ച് മണപ്പുറം സംരക്ഷണ സമിതിയുമുണ്ടാക്കി. ചാലക്കുടിപ്പുഴയിൽ അവശേഷിച്ച മണപ്പുറത്തെ തേടി ആളും അർത്ഥവും ഒഴുകിയെത്തിയപ്പോൾ ആറങ്ങാലി ഫെസ്റ്റ് എന്ന പ്രശസ്തമായ ആഘോഷത്തിനും പിറവിയായി. കഴിഞ്ഞ പ്രളയത്തിൽ പുഴയ്ക്ക് വലിയ തോതിൽ ഗതിമാറ്റം സംഭവിച്ചപ്പോഴും ആറങ്ങാലിയിൽ മണൽ കുന്നുകൂടിയതും നാട്ടുകാരെ ആഹ്‌ളാദിപ്പിച്ചു. പക്ഷെ തുടർന്നുള്ള വർഷങ്ങളിൽ മണൽ നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു. ഇത്തവണയാണ് ഗുരതരമായ അവസ്ഥ സംജാതമായത്. നിലവിൽ തീരത്ത് അടിഞ്ഞ മട്ടിക്കല്ലുകൾ നീക്കുന്നതിന് കാടുകുറ്റി പഞ്ചായത്ത്് ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

മണൽത്തീരത്തെ സംരക്ഷിച്ച് ഇവിടെ ഔദ്യോഗിക വിനോദ സഞ്ചാര കേന്ദ്രമാക്കണം.
-കൈപ്പിള്ളി അയ്യപ്പൻ
(പരിസരവാസി)