 
തൃശൂർ: സ്വകാര്യബസുകളുടെ അമിവേഗവും മത്സരയോട്ടവും അപകടമരണങ്ങളിലും യാത്രക്കാർക്കുനേരെയുളള അക്രമത്തിലും കലാശിച്ചതിനു പിന്നാലെ ബസ് ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയതോടെ മിന്നൽ പരിശോധനകളും നടപടികളും കടുപ്പിക്കാനൊരുങ്ങി പൊലീസ്.
ജില്ലയിലെ എല്ലാ ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പരിശോധിക്കുന്നതോടൊപ്പം റോഡുകളിൽ അമിവേഗവും മത്സരയോട്ടവും നിയന്ത്രിക്കാനുള്ള നടപടികളുമുണ്ടാകും. കൃത്യസമയത്ത് ഓടിച്ചെത്തണമെന്ന ന്യായം പറഞ്ഞ് അപകടകരമായി ബസുകൾ ഓടിക്കുന്നതും തിരക്കുള്ള വഴികളിൽ കുത്തിക്കയറ്റിപ്പോകുന്നതും നിരീക്ഷിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ജില്ലയിൽ വരുന്നതോടെ പരിശോധന ശക്തമാകും. കൃത്യമായ തെളിവുകൾ സഹിതം കുറ്റക്കാരെ പിടികൂടാനുമാകും.
സ്വകാര്യ ബസിന് വഴിയൊഴിഞ്ഞു കൊടുത്തില്ലെന്നാരോപിച്ച് കാറിനും ഡ്രൈവർക്കും നേരെ ഗുണ്ടകളെപ്പോലെ ആക്രമണം നടത്തിയ ബസ് ജീവനക്കാർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ബസ് പിന്നിലേക്കെടുത്തു മനഃപൂർവം കാറിലിടിപ്പിക്കുകയും ഇരുമ്പുവടി ഉപയോഗിച്ച് കാർ ഡ്രൈവറുടെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. പൂത്തോളിലായിരുന്നു സംഭവം. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലാണെന്ന് വെസ്റ്റ് എസ്.എച്ച്.ഒ: ടി.പി. ഫർഷാദ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കുമുമ്പ് തൃശൂർ ശക്തൻ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ മറ്റൊരു ബസിലെ ജീവനക്കാരൻ തല്ലിയുടച്ചിരുന്നു. നിരവധി മുന്നറിയിപ്പുകൾ ബസുടമകൾക്ക് പൊലീസ് നൽകിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ്, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ ശക്തൻ നഗർ, വടക്കെച്ചിറ ബസ് സ്റ്റാൻഡുകളിൽ ഇന്നലെ പരിശോധന നടത്തി 9 ബസ് ഡ്രൈവർമാരെ പിടികൂടിയത്.
തൃശൂർ - കുന്നംകുളം പാതയിൽ പേരാമംഗലം മുതൽ മുണ്ടൂർ വരെയുളള റോഡ് കോൺക്രീറ്റിട്ട് തുറന്നുകൊടുത്തതോടെ അമിതവേഗത്തിലാണ് ഈ വഴിയുളള സ്വകാര്യബസുകളുടെ പാച്ചിൽ. കോഴിക്കോട്, കണ്ണൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും മരണപ്പാച്ചിലിലാണ്. കഴിഞ്ഞദിവസം രാവിലെയും വൈകിട്ടുമായി രണ്ടുപേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്.
മുതുവറയിൽ ബൈക്കിൽ ബസിടിച്ച് യുവഡോക്ടർ മരിച്ചതിനു പിന്നാലെ പുറ്റേക്കരയിൽ ബസുടമ സ്വന്തം ബസിന് അടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. പുറ്റേക്കരയിൽ നാലുവരിയാക്കാത്തതിനാൽ അപകടങ്ങൾ തുടരുന്നുമുണ്ട്. ഗെയ്ൽ വാതകപൈപ്പ് ലൈനിന്റെ പ്രവർത്തനങ്ങളും വൈദ്യുത പോസ്റ്റുകൾ മാറ്റുന്നത് അടക്കമുള്ളവയും നടക്കുന്നുണ്ട്. ഇതിനിടെയിലാണ് ബസുകളുടെ മരണപ്പാച്ചിൽ. ബൈക്ക് യാത്രക്കാരാണ് ബസുകളുടെ മത്സരയോട്ടത്തിൽ ഏറെയും ഇരകളാവുന്നത്.
സ്വകാര്യ ബസുകളുടെ അപകടരമായ ഡ്രൈവിംഗിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. കർശനമായ മുന്നറിയിപ്പും ജീവനക്കാർക്ക് നൽകിയിരുന്നു. സ്വകാര്യബസുകളെ കഴിഞ്ഞ ദിവസങ്ങളിൽ നിരീക്ഷിച്ചു വരികയായിരുന്നു. ഇനിയും കർശനമായ നടപടികളുണ്ടാകും.- കെ.കെ. സജീവ്, എ.സി.പി., തൃശൂർ
 മദ്യപിച്ച് ബസ് ഓടിക്കാനെത്തി
ഒമ്പത് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും
തൃശൂർ: മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഒമ്പത് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട് നൽകുമെന്ന് തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു. കുന്നംകുളം കിഴൂർ കൈപ്പറമ്പിൽ അനൂപ് (33), താന്ന്യം ചെമ്മാപ്പിളളി മോങ്കാട്ടുക്കര സബിൻ (40), കുന്നത്തങ്ങാടി കളപുരപറമ്പിൽ ഗോകുൽ (34), പുറനാട്ടുകര തെക്കനത്ത് കിഷോർ തോമസ് (38), കോഴിക്കോട് ഫറോക്ക് കെ.കെ.പി വീട്ടിൽ റിയാസ് (36), പുത്തൂർ വെട്ടുക്കാട് ചീരോത്ത് സുധീർ (48), മണലിത്തറ കൊരൻചിറ ഉള്ളാട്ടുകുടിയിൽ ജോർജ് (50), അട്ടപ്പിള്ളി കടലാശ്ശേരി വടക്കിട്ടി വിപിൻ (32), അട്ടപ്പിള്ളി, നന്തിപുലം കാട്ടൂർസുഭാഷ് (33) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് കണ്ടക്ടർമാരും പിടിയിലായി. പിടിച്ചെടുത്ത ബസുകൾ നടപടികൾക്കുശേഷം തിരിച്ചു നൽകും.
കഴിഞ്ഞദിവസം പൂത്തോളിൽ ബസ് ഇടിച്ചുകയറ്റിയ ശേഷം കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തെത്തുടർന്നാണ് ഇന്നലെ രാവിലെ ആറു മുതൽ 7.30 വരെ ശക്തൻ, വടക്കെ സ്റ്റാൻഡുകളിൽ പൊലീസ് പരിശോധന നടത്തിയത്. ഡ്രൈവർമാർ മദ്യവും മയക്കുമരുന്നുമുടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം ബസ് ഓടിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ജില്ലയിലെ എല്ലാ സ്റ്റാൻഡുകളിലും റോഡുകളിലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന വ്യാപിപ്പിക്കുമെന്ന് തൃശൂർ എ.സി.പി കെ.കെ. സജീവ് പറഞ്ഞു.