
തൃശൂർ: സി.പി.ഐ സമ്മേളനങ്ങൾ സി.പി.എം വിരുദ്ധമല്ലെന്നും സമ്മേളനത്തിൽ മറ്റു പാർട്ടികളുമായുള്ള ബന്ധങ്ങളും ചർച്ചയാകുമെന്നും ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനും മുൻമന്ത്രിയുമായ അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. സി.പി.ഐയ്ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ജനാധിപത്യരീതിയിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുമ്പോൾ വിമർശനങ്ങളും വിലയിരുത്തലുകളും സ്വാഭാവികമാണ്. എന്നാൽ അതുമാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ല.
ചർച്ചകളിലെ എന്തെല്ലാം വിവരങ്ങൾ പുറത്തുവരണമെന്ന് തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളാണ്. ആർ.എസ്.എസ് പോലുള്ള വർഗീയ സംഘടനകൾ സമൂഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുമ്പോൾ, എല്ലാ വിഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് സമ്മേളനങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.