
തൃശൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസ് അടക്കം ആറ് അദ്ധ്യാപകർ കലിക്കറ്റ് സർവകലാശാലയിലെ രണ്ടാം സെമസ്റ്റർ ബി.എ ഡിഗ്രി മലയാളം പരീക്ഷയുടെ ഉത്തരക്കടലാസുകൾ മുഴുവൻ മൂല്യനിർണയം നടത്താതെ ഫലപ്രഖ്യാപനം ഏഴ് മാസം വൈകിച്ചെന്ന് ആരോപണം. സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018- 19ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഈ വിവരവും പുറത്തു വന്നത്.
അദ്ധ്യാപകരുടെ വീഴ്ച മൂലമാണ് ഫലപ്രഖ്യാപനം വൈകിയതെന്നും അദ്ധ്യാപകർക്കെതിരെ സ്വീകരിച്ച തുടർനടപടികളുടെ വിവരം അറിയിക്കേണ്ടതാണെന്നും ഓഡിറ്റ് റിപ്പോർട്ട് വിലയിരുത്തി. അപാകത ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മറുപടി ലഭ്യമാക്കിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. 165 ഉത്തരക്കടലാസുകളാണ് ഒരാൾക്ക് നൽകിയത്. ഇതിൽ 35 എണ്ണം മാത്രമാണ് മൂല്യനിർണയം നടത്തിയത്. 130 എണ്ണം തിരിച്ചു കൊടുത്തു.
മൂല്യനിർണയം നടത്തേണ്ട 990 ഉത്തരക്കടലാസുകളിൽ 210 എണ്ണം മാത്രം സ്വീകരിക്കുകയും, 780 എണ്ണം ആറു പേരും തിരികെ നൽകുകയും ചെയ്തതായി ക്യാമ്പ് ചെയർപേഴ്‌സൺ പരീക്ഷാകൺട്രോളറെ അറിയിച്ചിരുന്നു. പ്രിയ വർഗീസ് കേരളവർമ്മ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണ് സംഭവം. എഴുത്തുകാരിയും തൃശൂർ കേരളവർമ്മ കോളേജ് അസി. പ്രൊഫസറുമായ ദീപ നിശാന്ത്, ഡോ. എം.ആർ. രാജേഷ്, ഡോ. ടി.കെ. കല മോൾ, ഡോ. ബ്രില്ലി റാഫേൽ, ഡോ. എസ്. ഗിരീഷ് കുമാർ എന്നിവരാണ് വീഴ്ച വരുത്തിയ മറ്റ് മലയാളം അദ്ധ്യാപകർ. 2019ൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലായിരുന്നു മൂല്യനിർണയ ക്യാമ്പ്.
മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയിലും സമാന സംഭവമുണ്ടായി. രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം പരീക്ഷാ കലണ്ടർ പ്രകാരം നടത്താനായില്ല. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറും ഇതുസംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ തെളിവുകൾ പുറത്തുവിട്ടിരുന്നു.
ക്യാമ്പിൽ സ്ഥിരമായി പങ്കെടുക്കാത്ത അദ്ധ്യാപകരുടെ ജോലി കൂടി ക്യാമ്പിൽ ഹാജരാകുന്ന അദ്ധ്യാപകർ എടുക്കേണ്ടി വരുന്ന സാഹചര്യമുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി, എല്ലാ അദ്ധ്യാപകരും ഹാജരാകുകയാണെങ്കിൽ നോക്കേണ്ടി വരുമായിരുന്ന ഉത്തരക്കടലാസുകൾ എത്രയാണെന്ന് നിജപ്പെടുത്തി അത് നോക്കുകയും ബാക്കി തിരികെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. അതിന് ശിക്ഷ ലഭിക്കുകയാണെങ്കിൽ ഒരൊറ്റ പേപ്പർ പോലും നോക്കാതെ വീട്ടിലിരുന്ന അദ്ധ്യാപകരെ യൂണിവേഴ്‌സിറ്റി എന്തു ചെയ്യും?
- ദീപ നിശാന്ത്