 
തൃശൂർ: സി.പി.ഐ. ജില്ലാ സമ്മേളനത്തിന് ചൊവ്വാഴ്ച അഞ്ചിന് തൃപ്രയാറിലെ ബസ് സ്റ്റാൻഡ് പരിസരത്ത് കൊടിയുയരും. അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ഉയർത്തും.
24-ാം പാർട്ടി കോൺഗ്രസിനെ അനുസ്മരിക്കുന്നതിന് ജില്ലയിലെ ഏറ്റവും മുതിർന്ന നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ നിന്നും 24 പതാകകൾ കൂടി പൊതുസമ്മേളന നഗരിയിൽ എത്തിക്കും. ഈ ജാഥകളെല്ലാം തൃപ്രയാർ ശ്രീരാമ പോളിടെക്‌നിക് ജംഗ്ഷനിൽ സംഗമിച്ച് പൊതുസമ്മേളന സ്ഥലത്തേക്ക് ഘോഷയാത്രയായി എത്തും. തുടർന്നാണ് പതാക ഉയർത്തൽ. ബുധനാഴ്ച അഞ്ചിന് പൊതുസമ്മേളനം ഇതേ ഗ്രൗണ്ടിൽ നടക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
15,000 പേർ ജില്ലാ റാലിയിൽ പങ്കെടുക്കും. പൊതുസമ്മേളനം സി.പി.ഐ. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനാകും. സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, കെ. രാജൻ, എ.കെ. ചന്ദ്രൻ, അഡ്വ. പി. വസന്തം, രാജാജി മാത്യു തോമസ്, പി. ബാലചന്ദ്രൻ എം.എൽ.എ. സി.സി.മുകുന്ദൻ എന്നിവർ പ്രസംഗിക്കും.
വ്യാഴാഴ്ച പത്തിന് ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് ജില്ലാ കൗൺസിലിനെയും ജില്ലാ സെക്രട്ടറിയെയും തിരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും. വി.കെ. മോഹനൻ കാർഷിക സംസ്‌കൃതിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വിഭവങ്ങൾ ഉപയോഗിച്ചാണ് സമ്മേളന പ്രതിനിധികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. കലാപരിപാടികളും, ഗാനമേളയും, നാടകങ്ങളും എന്നിവയും പൊതുസമ്മേളന നഗരിയിൽ അവതരിപ്പിക്കും.
സ്വാഗതസംഘം ചെയർമാൻ വി.എസ്. സുനിൽകുമാർ, കൺവീനർ ടി.ആർ.രമേഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ജില്ലാ സമ്മേളനത്തേക്കാൾ 4969 പേരുടെ വർദ്ധന ഉണ്ടായി. കഴിഞ്ഞ സമ്മേളന സമയത്ത് 12809 പൂർണ അംഗങ്ങളും 2051 കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പെടെ 14860 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2022ൽ ഇത് 17580 പൂർണ അംഗങ്ങളും 2249 കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പെടെ 19829 അംഗങ്ങളായി കൂടി. കഴിഞ്ഞ സമ്മേളന സമയത്ത് 13 മണ്ഡലം കമ്മിറ്റികളും 118 ലോക്കൽ കമ്മിറ്റികളും 949 ബ്രാഞ്ച് ഘടകങ്ങളുമാണ് ഉണ്ടായിരുന്നത്. നിലവിൽ 15 മണ്ഡലം കമ്മിറ്റികളും 123 ലോക്കൽ കമ്മിറ്റികളും 1151 ബ്രാഞ്ചുകളും ഉൾപ്പെടെ 1288 ഘടകങ്ങളായി ഇത് കൂടി.
സമ്മേളനത്തിൽ 325 സ്ഥിരം പ്രതിനിധികളും 36 പകരം പ്രതിനിധികളും ഉൾപ്പെടെ 361 പേർ പങ്കെടുക്കും. ഇതിനു പുറമേ ഒമ്പത് മുതിർന്ന നേതാക്കളും ഏഴ് സൗഹൃദ പ്രതിനിധികളും 28 പ്രത്യേക ക്ഷണിതാക്കളും ഉദ്ഘാടനസമ്മേളനത്തിലുണ്ടാകും.