പാവറട്ടി: മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ തുല്യതാ പഠനകേന്ദ്രത്തിലെ രണ്ടാം വർഷ പഠിതാവാണ് വി.എ. മനോജ്. മുല്ലശ്ശേരി അന്നകര വടക്കൂട്ട് വീട്ടിൽ ലില്ലി ഫ്രാൻസിസിന്റെയും ആന്റണിയുടേയും മകനാണ് മനോജ്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മനോജ് 1997ൽ പഠനവൈകല്യം മൂലം 7-ാം ക്ലാസ് പരീക്ഷയിൽ പരാജയം നേരിടേണ്ടി വന്നപ്പോൾ പഠനം നിറുത്തി. 2018ൽ സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ കോഴ്‌സിൽ ചേർന്ന് ഉന്നത വിജയം കരസ്ഥമാക്കി. 2019 ൽ 10ാം തരം തുല്യതാ കോഴ്‌സിൽ ചേരുകയും വിജയം കരസ്ഥമാക്കുകയുമുണ്ടായി. തുടർന്ന് കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിൽ ചേർന്ന് ഒന്നാം വർഷ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കി. ഇപ്പോൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതി വിജയിക്കുമെന്ന പ്രതീക്ഷയിലാണ് മനോജ്.
മകനെ പത്താംതരം തുല്യതാ കോഴ്‌സിന് ചേർത്തിയപ്പോൾ 68 വയസായ അമ്മ, ലില്ലി ഫ്രാൻസിസ് ഹയർ സെക്കൻഡറി ഒന്നാം വർഷ കോഴ്‌സിനു ചേർന്ന് മുടങ്ങിപ്പോയ പഠനം തുടങ്ങി. കഴിഞ്ഞ വർഷം സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ അവർ ഉന്നത വിജയം നേടി. വിദ്യാഭ്യാസ മന്ത്രി അവരെ അഭിനന്ദിച്ചിരുന്നു. 69 വയസ് പ്രായം വരുന്ന ലില്ലി ഫ്രാൻസിസ് ഇപ്പോൾ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ്.